തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ നാളെ. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു.

വനിതാ മതിലില്‍ 31.15 ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നും 178 സംഘടനകളുടെ പങ്കാളിത്തമുണ്ടാകുമെന്നും സമിതി അറിയിച്ചു. കാസര്‍ക്കോട് മുതല്‍ വെള്ളയമ്പലം വരെ 620 കിലാമീറ്റര്‍ ദൂരത്തില്‍ തീര്‍ക്കുന്ന മതില്‍ ഗിന്നസ്സ് ബുക്കിലെത്തിക്കാനാണ് ശ്രമം.

കാസര്‍ക്കോട് ആരോഗ്യമന്ത്രി കെ കെ ഷൈലജ ആദ്യ കണ്ണിയും തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമെന്ന നിലക്കാണ് മതില്‍. സാംസ്‌ക്കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലിലില്‍ അണിചേരും. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകും. സംഘാടക സമിതിയിലെ പ്രധാനിയായ വെള്ളാപ്പള്ളിക്കൊപ്പം എന്‍ഡിഎയിലുള്ള തുഷാറും സഹകരിക്കുമോ എന്നത് വ്യക്തമല്ല. നാളെ വൈകീട്ട് നാലിനാണ് മതില്‍. 3.45 ന് മതിലിന്റെ ട്രയല്‍ ഉണ്ടായിരിക്കും.

വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വനിതാ മതില്‍ വര്‍ഗ്ഗ സമര കാഴ്ച്ചപ്പാടിന് വിരുദ്ധമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഇത്തരക്കാരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വനിതാ മതിലിനെ കുറിച്ചുള്ള ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മുമ്പും സമുദായ സംഘടനകളുമായി ചേര്‍ന്ന് സമരം നടത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെകുറിച്ച് അറിയാത്തവരാണ് വിമര്‍ശനമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.