കൊച്ചി: പ്രഥമ വാങ്മയം സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ എൻ. ശശിധരന്. നിരൂപണം, നാടകം, തിരക്കഥ, വിവർത്തനം എന്നീ മേഖലകളിലെ സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം.
എം. മുകുന്ദൻ, കെ.ജി.എസ്, എൻ. പ്രഭാകരൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 2019 ജനുവരി മൂന്നിന് വൈകീട്ട് 5 മണിക്ക്  പാലാരിവട്ടം പി ഒ സി യിൽ  പ്രമുഖ എഴുത്തുകാരൻ അഷ്ടമൂർത്തി പുരസ്കാരം എൻ ശശിധരന് സമ്മാനിക്കും.
അയ്മനം ജോൺ, പി എഫ് മാത്യുസ്, സന്തോഷ് ഏച്ചിക്കാനം, എസ്. കലേഷ്, വി എം ദേവദാസ്, വിനോയ് തോമസ്,  ജോർജ്ജ് ജോസഫ് കെ , പ്രിയ എ. എസ്, രാഹുൽ രാധാകൃഷ്ണൻ, പി എസ്  റഫീഖ്, പി.വി. ഷാജികുമാർ, ബിജു സി പി, മുസാഫിർ അഹമ്മദ്,  ജയൻ ശിവപുരം, ഭാഗ്യനാഥ്, ബിജോയ് ചന്ദ്രൻ മുതലായവർ പങ്കെടുക്കും.
കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂരിലാണ് എൻ. ശശിധരൻ ജനിച്ചത്. ചരിത്രഗാഥ, ഉഷ്ണകാലം, വാണിഭം, കേളു, അടുക്കള, ഹിംസാടനം, ഏകാന്തത, പച്ചപ്‌ളാവില, ജീവചരിത്രം, നാട്ടിലെ പാട്ട്, എറൻഡിറ ഒരു രാജ്യമാണ്, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം എന്നിവ പ്രധാന നാടകങ്ങൾ. കഥകാലം പോലെ, മെതിയടി, മഷി, വാക്കിൽ പാകപ്പെടുത്തിയ ചരിത്രം, ഏകാന്തതപോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല, പുസ്തകങ്ങളും മനുഷ്യരാണ്, കപ്പൽച്ചേതം വന്ന നാവികൻ എന്നിവ ലേഖന സമാഹാരങ്ങൾ. നെയ്ത്തുകാരൻ, അവനവൻ എന്നീ തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീണ്ടകാലം അധ്യാപകനായിരുന്ന എൻ. ശശിധരൻ ജോലിയിൽ നിന്ന് വിരമിച്ച ശേഷം തലശ്ശേരിയിലാണ് താമസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.