ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച സമര്‍പ്പിക്കും. പോക്സോ, ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ആറ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസില്‍ 36 സാക്ഷികളാണുള്ളത്. 150 ല്‍ പരം ആളുകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വഭാവിക ജാമ്യം ലഭിക്കാതിരിക്കാനുമാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിക്കുന്നതെന്ന് അന്വേഷണസംഘം അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് അര്ജുന് പൊലീസിന് നല്‍കിയിരുന്ന മൊഴി. പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതി അടുപ്പം സ്ഥാപിച്ചിരുന്നു. പിന്നീട് ഇത് ഉപയോഗിച്ചായിരുന്നു പ്രതി കുറ്റകൃത്യം നടത്തിയതെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.
ജൂണ്‍ 30 നാണ് ആറ് വയസുകാരിയെ ലയത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷോള് കഴുത്തില്‍ കുടുങ്ങി മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തി.
Also Read: മാനസ കൊലപാതകം: രഖിലിനെ സഹായിച്ച ബിഹാര്‍ സ്വദേശികളെ ഇന്ന് കൊച്ചിയിലെത്തിക്കും