scorecardresearch

വന്ദേഭാരത്: സുരക്ഷയുടെ തീരമണഞ്ഞത് 359 പ്രവാസികള്‍

ഗര്‍ഭിണികളേയും കുട്ടികളേയും വീട്ടിലേക്കും മറ്റുള്ളവരെ സര്‍ക്കാരിന്റെ കോവിഡ്-19 കേന്ദ്രങ്ങളിലേക്കും മാറ്റി

കൊച്ചി/കരിപ്പൂര്‍: കോവിഡ്-19 ബാധിത പ്രദേശങ്ങളില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന വന്ദേഭാരത് പദ്ധതിയുടെ ഭാഗമായുള്ള യുഎഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തി. അബുദാബിയില്‍ നിന്നുള്ള ആദ്യ വിമാനം രാത്രി 10.08-ന് കൊച്ചി വിമാനത്താവളത്തില്‍ എത്തി. പിന്നാലെ ദുബായില്‍ നിന്നുള്ള വിമാനം രാത്രി 10.30 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി.

അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ 177 പേരാണ് എത്തിയത്. 49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. കരിപ്പൂരില്‍ 182 പേരാണുള്ളത്. ഇതില്‍ അഞ്ച് കുട്ടികളുംപെടുന്നു.

vandebharat covid evacuation

വിമാനങ്ങളില്‍ നിന്നും പ്രത്യേക സംഘങ്ങളായി ഇറങ്ങിയ യാത്രക്കാരെ ഇരുവിമാനത്താവളങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. ഇവര്‍ യാത്ര ആരംഭിച്ചപ്പോഴും റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നു. രോഗബാധയില്ലെന്ന് ഉറപ്പാക്കിയതിനെ തുടര്‍ന്നാണ് ഇവരെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിച്ചത്.

ഗര്‍ഭിണികളേയും കുട്ടികളേയും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ചു. ഇവര്‍ വീടുകളിലേക്ക് യാത്ര തിരിച്ചു. ഇവരെ കൊണ്ടുപോകാന്‍ വീട്ടില്‍ നിന്നും ഒരാള്‍ വാഹനവുമായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇവര്‍ക്കൊപ്പം വീട്ടുകാരും ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിമാനത്താവളത്തിലെത്തിയ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

vandebharat covid evacuation
കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനെ പരിശോധിക്കുന്നു

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ വച്ച് പുതിയ ബി എസ് എന്‍ എല്‍ സിം കാര്‍ഡ് നല്‍കുകയും മൊബൈല്‍ ഫോണില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പും ഡൗണ്‍ലോഡ് ചെയ്തു. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ഇവര്‍ പൂര്‍ണ സമയവും സര്‍ക്കാരിന്റെ നിരീക്ഷണത്തിലായിരിക്കും.

ക്വാറന്റൈന്‍ നിബന്ധകള്‍ പാലിക്കുമെന്ന് യാത്രക്കാര്‍ സത്യവാങ്മൂലം ഒപ്പിട്ട് നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഫോണെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. കൂടാതെ, എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ തോന്നിയാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം.

ഒമ്പത് ജില്ലകളിലെ പ്രവാസികളാണ് കരിപ്പൂരില്‍ ഇറങ്ങിയത്. മലപ്പുറം ജില്ലക്കാരെ കാളികാവിലെ കോവിഡ്-19 സെന്ററിലേക്ക് കൊണ്ടുപോകും. മറ്റുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. ഇതിനായി വാഹന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പുറത്തേക്ക് വരുന്നു

കരിപ്പൂരിലെത്തിയ യാത്രക്കാരെ ജില്ലാ കളക്ടര്‍ ജാഫര്‍ മലിക്, ഡിഐജി എസ് സുരേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ സക്കീന, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടി ജി ഗോകുല്‍, വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ആദ്യ സംഘം 10.44 ഓടെ പുറത്തിറങ്ങി. ആദ്യമിറങ്ങിയ 24 പേരെ എയ്‌റോ ബ്രിഡ്ജില്‍വച്ചു തന്നെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇതിനായി ഡോക്ടര്‍മാരുള്‍പ്പെടുന്ന നാല് പ്രത്യേക ടീമുകള്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പിന്നാലെ മറ്റു സംഘങ്ങളും വിമാനത്തിന് പുറത്തെത്തി പരിശോധനകള്‍ക്ക് വിധേയരായി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരിയെ പരിശോധിക്കുന്നു

ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം യാത്രക്കാര്‍ക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. തുടര്‍ന്ന് ഓരോ യാത്രക്കാരുടേയും വിവര ശേഖരണം നടത്തിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. വിവര ശേഖരണത്തിന് പത്തും എമിഗ്രേഷന്‍ പരിശോധനയ്ക്ക് പതിനഞ്ചും കസ്റ്റംസ് പരിശോധനകള്‍ക്കായി നാല് കൗണ്ടറുകളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vandebharat covid 19 evacuation expatriates reached kochi and karipur airports