കൊച്ചി: കോവിഡ് രോഗവ്യാപനം കാരണം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യയിലേയ്‌ക്കെത്തിക്കുന്ന പദ്ധതിയിൽ ഇതുവരെ കൊച്ചി വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികൾ. ജൂൺ അഞ്ചുമുതൽ ഈജിപ്തിലെ കെയ്‌റൊ മുതൽ ഫിലിപ്പൈൻസിലെ സെബു വരെയുള്ള രാജ്യങ്ങളിൽ നിന്ന് പ്രവാസികളുമായി വിമാനങ്ങളെത്തും. മെയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയിൽ ഉൾപ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് കൊച്ചിയിലാണ്.

മെയ് 31 വരെ ഗൾഫ്, അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 8554 പ്രവാസികളെത്തി. എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ എന്നീ എയർലൈനുകൾ മാത്രം 48 സർവീസുകൾ നടത്തി. ഗൾഫ് രാജ്യങ്ങളെക്കൂടാതെ സാൻഫ്രാൻസിസ്‌കോ, കീവ്, യെരെവൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഡൽഹി/ മുബൈ വിമാനത്താവളങ്ങൾ വഴിയും സർവീസുകൾ എയർ ഇന്ത്യ സർവീസുകൾ നടത്തിയിരുന്നു.

Also Read: കോവിഡിന്റെ പശ്ചാത്തലത്തിൽ എന്ത് തോന്നിയവാസവും നടത്താം; ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും ഹെലികോപ്ടർ യാത്രയ്‌‍ക്കെതിരെ ചെന്നിത്തല

സ്വിറ്റ്‌സർലൻഡ്, ബ്രിട്ടൻ, മാലി, ഒമാൻ, ഖത്തർ, ബഹറിൻ എന്നീ രാജ്യങ്ങൾ, കേരളത്തിലുണ്ടായിരുന്ന അവരുടെ പൗരൻമാരെ മടക്കിക്കൊണ്ടുപോയി. ആയിരത്തോളം പേർ ഇപ്രകാരം കൊച്ചിയിലൂടെ മടങ്ങിപ്പോയി. നൈജീരിയിൽ നിന്ന് 312 പേരുമായി എയർപീസ് വിമാനം കൊച്ചിയിലെത്തി. ഇതിൽ 197 മലയാളികളുണ്ടായിരുന്നു. ജൂൺ ആദ്യയാഴ്ചയിൽത്തന്നെ പുതിയ മേഖലകളിൽ നിന്ന് കൊച്ചിയിൽ വിമാനങ്ങളെത്തും.

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജൂൺ 5 ന് രാത്രി 7.45 ന് കൊച്ചിയിലെത്തും. വിയറ്റ്‌നാമിൽ നിന്ന് ജൂൺ ഏഴിനും കെയ്‌റോയിൽ നിന്ന് 16 നും യുക്രൈനിലെ കീവിൽ നിന്ന് 19 നും ലണ്ടനിൽ നിന്ന് 22 നും ഫിലിപ്പീൻസിലെ സെബുവിൽ നിന്ന് 23 നും എയർ ഇന്ത്യ വിമാനങ്ങൾ കൊച്ചിയിലെത്തും. മാൾട്ട നിന്ന് എയർ മാൾട്ട ജൂൺ ഒമ്പതിനും ലണ്ടനിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്‌സ് 10 നും കൊച്ചിയിലേക്ക് സർവീസ് നടത്തും.

Also Read: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 86 പേർക്ക്

മാർച്ച് മുതൽ സിയാൽ കാർഗോ വിഭാഗവും പ്രവർത്തന നിരതമാണ്. ഇതുവരെ 205 രാജ്യാന്തര കാർഗോ വിമാനങ്ങൾ കൊച്ചിയിലെത്തി. 4644 മെട്രിക് ടൺ കാർഗോ കയറ്റുമതിയും 223.4 മെട്രിക് ടൺ കാർഗോ ഇറക്കുമതിയും ചെയ്തു.

ഇന്ന് 540 പേർ കൊച്ചിയിലെത്തുന്നുണ്ട്. ദുബായ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് സർവീസ് നടത്തുന്നത്. ബുധനാഴ്ച ബഹറിൻ, അബുദാബി, ദമാം, ദുബായ് രാജ്യങ്ങളിൽ നിന്ന് പ്രവാസികളെത്തും. തിങ്കളാഴ്ച കൊച്ചി വിമാനത്താവളത്തിൽ 1308 ആഭ്യന്തര യാത്രക്കാരെത്തി. 827 പേർ യാത്ര പുറപ്പെട്ടു. ബുധനാഴ്ച 26 ആഭ്യന്തര സർവീസുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.