തിരുവനന്തപുരം: വന്ദേഭാരത് മിഷന്റെ ഭാഗമായി കൂടുതൽ പ്രവാസികളെ ഇന്ന് നാട്ടിലെത്തിക്കും. കേരളത്തിലേക്ക് യുഎഇയിൽ നിന്നു ഉൾപ്പെടെ രണ്ട് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തുന്നുണ്ട്. ഒമാനിൽ നിന്ന് രണ്ട് ചാർട്ടേർഡ് വിമാനങ്ങൾ ശനിയാഴ്‌ച കേരളത്തില്‍ എത്തിയിരുന്നു. മസ്‌കറ്റിൽ കുടുങ്ങിക്കിടന്നിരുന്ന 360 പ്രവാസികളാണ് കോഴിക്കോട്ട് മടങ്ങിയെത്തിയത്. വിദേശത്തുനിന്നു എത്തുന്നവരെ ക്വാറന്റെെനിലേക്ക് പ്രവേശിപ്പിക്കും. ഗൾഫ് മേഖലയിൽ നിന്നടക്കം പത്ത് വിമാന സർവീസുകളാണ് ഇന്ന് ഇന്ത്യയിലേക്ക് ഉള്ളത്. വന്ദേഭാരത് മൂന്നാം ഘട്ടത്തിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ എയര്‍ ഇന്ത്യ ആരംഭിച്ചിരുന്നു.

ഇതുവരെ സംസ്ഥാനത്ത് തിരിച്ചെത്തിയവർ

ഒന്നരലക്ഷത്തിലേറെ പേർ ഇതുവരെ സംസ്ഥാനത്തേക്ക് തിരിച്ചെത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും 1,79,294 പേർ സംസ്ഥാനത്ത് തിരിച്ചെത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. എയര്‍പോര്‍ട്ട് വഴി 43,901 പേർ തിരിച്ചെത്തി സീപോര്‍ട്ട് വഴി 1621 പേർ ചെക്ക് പോസ്റ്റ് വഴി 1,17,232 പേർ റെയില്‍വേ വഴി 16,540 പേരും സംസ്ഥാനത്ത് തിരിച്ചെത്തി.

Read Also: Horoscope of the Week (June 07- June 16, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണവും അതിവേഗം ഉയരുന്നു. വേൾഡോ മീറ്റർ കണക്കുപ്രകാരം 4,01,607 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുന്നു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്.

ഇന്ത്യയിൽ സ്ഥിതി സങ്കീർണം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള അഞ്ചാമത്തെ രാജ്യം ഇന്ത്യയെന്ന് ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. കോവിഡ് ട്രാക്കറിലെ കണക്ക് പ്രകാരം 243,733 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെ ഇന്ത്യ മറികടന്നതായും ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സർവകലാശാലയുടെ കണക്ക് പ്രകാരം സ്‌പെയിനിൽ 241, 310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഇന്ത്യയിൽ 236,657 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. തുടർച്ചയായി മൂന്ന് ദിവസം ഇന്ത്യയിൽ രോഗികളുടെ എണ്ണം 9,000 കടന്നത് ആശങ്ക വർധിപ്പിക്കുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook