ന്യൂഡല്‍ഹി: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സര്‍വീസ് നടത്തു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ഒന്നര വര്‍ഷം കൊണ്ട് 110 കിലോ മീറ്റര്‍ വേഗതയും, രണ്ടാം ഘട്ടത്തില്‍ 130 കിലോ മീറ്റര്‍ വേഗതയും കൈവരിക്കാന്‍ സൗകര്യമൊരുക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ചില സ്ഥലങ്ങളില്‍ വളവ് നികത്തേണ്ടി വരുമെന്നും ഇതിനായി സ്ഥലം ഏറ്റെടുക്കേണ്ടതായി വരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിപിആര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും രണ്ടാം ഘട്ടം മൂന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സംസ്ഥാനത്തിന് ഒരു ട്രെയിന്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭാവിയില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. 160 കിലോ മീറ്റര്‍ വേഗതയില്‍ വരെ ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനായുള്ള സൗകര്യമൊരുക്കുക എന്നതാണ് റെയില്‍വെ മന്ത്രാലയത്തിന്റെ ലക്ഷ്യം.
വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രയുടെ സമയക്രമവും നിരക്കും നേരത്തെ പുറത്ത് വിട്ടിരുന്നു. ഏപ്രില്‍ 25-ാം തീയതിയാണ് ആദ്യ യാത്ര. പുലര്‍ച്ചെ 5.10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പ്രധാനമന്ത്രിയും യാത്ര ചെയ്തേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.
12 എക്കോണമി കോച്ചും രണ്ട് എക്സിക്യൂട്ടിവ് കോച്ചുമായിരിക്കും ട്രെയിനില്‍ ഉണ്ടാകുക. എക്കോണമി കോച്ചില്‍ 78 സീറ്റുകളും എക്സിക്യൂട്ടിവില്‍ 54 സീറ്റുകളും ഉണ്ട്. എക്കോണമി കോച്ചില്‍ ഭക്ഷണം ഉള്‍പ്പടെ 1,400 രൂപയാണ് നിരക്ക്. എക്സിക്യൂട്ടിവ് കോച്ചില്‍ 2,400 രൂപയും. ട്രെയിനിന്റെ മുന്നിലും പിന്നിലുമായി 44 സീറ്റുകളുള്ള ഓരോ കോച്ചുകളും ഉണ്ടായിരിക്കും.