scorecardresearch
Latest News

ദോഹ-തിരുവനന്തപുരം വിമാനം തലസ്ഥാനത്തെത്തി

യാത്രക്കാരില്‍ 96 സ്ത്രീകളും 85 പുരുഷന്‍മാരും 15 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 20 കുട്ടികളും അറുപത് വയസിന് മുകളിലുള്ള 25 പേരും ആണ് ഉണ്ടായിരുന്നത്.

vandebharat covid-19 evacuation

തിരുവനന്തപുരം: വന്ദേ ഭാരത് മിഷന്റെ ഭാഗമായി 181 യാത്രക്കാരുമായി ദോഹയില്‍ നിന്നും പ്രാദേശിക സമയം 5.30ന് പുറപ്പെട്ട വിമാനം തലസ്ഥാനത്തെത്തി. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരം ദോഹയില്‍ നിന്നും ഇന്ത്യന്‍ സമയം 7 മണിക്ക് പുറപ്പെടും എന്ന് തീരുമാനിച്ചിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി 8 മണിക്കാണ് പുറപ്പെട്ടത്. സാങ്കേതിക തകരാറുമൂലം വിമാനത്താവളത്തിലെ നടപടികള്‍ വൈകിയതുമൂലമാണ് വിമാനം പുറപ്പെടുന്നതില്‍ താമസം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

യാത്രക്കാരില്‍ 96 സ്ത്രീകളും 85 പുരുഷന്‍മാരും 15 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 20 കുട്ടികളും അറുപത് വയസിന് മുകളിലുള്ള 25 പേരും ആണ് ഉണ്ടായിരുന്നത്.

തിരുവനന്തപുരം- 43, കൊല്ലം- 48, പത്തനംതിട്ട- 23, ആലപ്പുഴ- 16, കോട്ടയം- 1, എറണാകുളം- 8, തൃശൂര്‍- 7, പാലക്കാട്- 2, വയനാട്- 1, കോഴിക്കോട്- 2, മലപ്പുറം- 1, കണ്ണൂര്‍- 3, കാസര്‍ഗോഡ്- 4 എന്നിങ്ങനെയാണ് ആകെ യാത്രക്കാരില്‍ കേരളത്തില്‍ നിന്നുളളവരുടെ ജില്ല തിരിച്ചുള്ള എണ്ണം.

കര്‍ണാടക- 1, മഹാരാഷ്ട്ര- 1, തമിഴ്‌നാട്ടില്‍ നിന്ന് 20 എന്നിങ്ങനെയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിമാനത്തിലുള്ളവരുടെ എണ്ണം.

കോവിഡ് പ്രതിസന്ധിയിൽ വിദേശത്ത് കുടുങ്ങിയ യാത്രക്കാരെ തിരികെയെത്തിക്കുന്ന വന്ദേ ഭാരത് പദ്ധതിയില്‍ ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച വിമാന സർവീസാണ് ദോഹ – തിരുവനന്തപുരം വിമാന സർവീസ്. ഞായറാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എത്തും എന്ന് പറഞ്ഞിരുന്ന വിമാനത്തിന്റെ സർവീസ് പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

വിദേശത്തു നിന്നെത്തുന്ന യാത്രക്കാരുടെ പരിശോധനുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ അതിവേഗത്തില്‍ ശരീരോഷ്മാവ് കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ഫെയ്സ് ഡിറ്റക്ഷന്‍ ക്യാമറകള്‍ നേരത്തേ തന്നെ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി മോക്ഡ്രില്‍ നടത്തുകയും ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെയും നിരീക്ഷണ കേന്ദ്രങ്ങളിലെയും ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

പെയ്ഡ് ക്വാറന്റൈന്‍ സംവിധാനം ആവശ്യമുള്ളവര്‍ക്കായി പത്ത് സ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. കെറ്റിഡിസിയുടെ ഹോട്ടലുകളായ പാളയം മസ്‌ക്കറ്റ്, കോവളം സമുദ്ര, തമ്പനൂര്‍ ചൈത്രം എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vande bharat mission doha trivandrum flight reached

Best of Express