ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാന സർവീസുകൾ. യുഎഇയിൽ നിന്ന് മാത്രം 45 അധിക വിമാനങ്ങളാണ് മൂന്നാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ 44എണ്ണവും കേരളത്തിലേക്കാണെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു സർവീസ് ഒഡിഷയിലേക്കുമാണ്,

കഴിഞ്ഞ ദിവസം പുതിയതായി 25 വിമാനങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു. ജൂൺ 9 മുതൽ 19 വരെയാണ് രണ്ടാം ഘട്ടം. ഇതിൽ എട്ട് വിമാനങ്ങളാണ് കേരളത്തിലേക്ക് അധികമായി സർവീസ് നടത്താൻ നിശ്ചയിച്ചത്.

വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിനു വേണ്ടി മാറ്റിവച്ച ടിക്കറ്റുകള്‍ക്ക് പ്രവാസികളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ജൂണ്‍ 10-നും ജൂലൈ ഒന്നിനും ഇടയില്‍ യുഎസും യുകെയും കാനഡയും യൂറോപ്പുമടക്കം തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നും നടത്തുന്ന 300 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

മെയ് ഏഴ് മുതലാണ് എയര്‍ ഇന്ത്യയും ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും വന്ദേഭാരത് മിഷന് കീഴില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചത്. അതേസമയം വിമാനമാർഗ്ഗം കേരളത്തിലെത്തിയവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. എയര്‍പോര്‍ട്ട് വഴി 51,135 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,26,178 പേരും റെയില്‍വേ വഴി 21,708 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,00,642 പേരാണ് എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.