തിരുവനന്തപുരം: കേരളത്തിന്റെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വന്ദേഭാരത് ട്രെയിനിലെ സി വണ്‍ കോച്ചില്‍ കയറിയ പ്രധാനമന്ത്രി സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. കേന്ദ്രീയ വിദ്യാലയത്തിലെ അടക്കം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ഈ കോച്ചില്‍ സഞ്ചരിക്കുന്നത്. നാളെ കാസര്‍കോഡ് നിന്നാണ് ആദ്യ സര്‍വീസ്. വ്യാഴാഴ്ച സര്‍വീസ് ഉണ്ടാകില്ല. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസ് വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും.
കൊച്ചിയില്‍ നിന്നും രാവിലെ 10 നാണ് ഉദ്ഘാടന പരിപാടികള്‍ക്കായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, തിരുവനന്തപുരം എംപി ശശി തരൂര്‍ തുങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്നുള്ള യാത്രയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി എത്തിയത്.
അടുത്ത 18-24 മാസത്തിനുള്ളില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധ്യമാകുന്ന തരത്തില്‍ കേരളത്തിലെ റെയില്‍വേ ട്രാക്കുകള്‍ മാറ്റുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ഇപ്പോഴുള്ള വളവുകള്‍ മാറ്റിയും ലോകോത്തര സിഗ്നലിങ് സിസ്റ്റം നടപ്പാക്കിയും വേഗത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു
വന്ദേഭാരത് എക്‌സ്പ്രസിലെ മുഴുവന്‍ സീറ്റുകളിലേക്കും സുവനീര്‍ യാത്രാ പാസുകള്‍ വിതരണം ചെയ്തു. 16 കംപാര്‍ട്‌മെന്റുകളിലായി ആകെ 1128 സീറ്റുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, 160 ബിജെപി പ്രവര്‍ത്തകര്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, വിഐപികള്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ തുടങ്ങിയവരാണിത്. 10.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 14 സ്റ്റേഷനുകളില്‍ നിര്‍ത്തും. ട്രെയിന്‍ 10.30ന് കണ്ണൂരിലേക്കു തിരിച്ചെത്തിച്ച് നിര്‍ത്തിയിടും. നാളെ ഉച്ചയോടെ ട്രെയിന്‍ തിരിച്ച് കാസര്‍ഗോഡെത്തിക്കും.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികളുടേയും കൊച്ചി വാട്ടര്‍ മെട്രോയുടേയും ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. തിരുവനന്തപുരം സെന്‍ട്രേല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്.