തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മന്ത്രി വി.അബ്ദുറഹ്മാൻ പ്രതികരിച്ചു. വന്ദേഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെയല്ലെന്ന് എന്‍.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയിട്ടുണ്ട്. 16 കോച്ചുകളുള്ള ട്രെയിനാണു കേരളത്തിനു ലഭിച്ചത്.
പാലക്കാട് എത്തിയ ട്രെയിനിന് വൻ സ്വീകരണമാണ് ലഭിച്ചത്. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. നിരവധി പേരാണ് വന്ദേ ഭാരത് ട്രെയിൻ കാണാനും ഫൊട്ടോ പകർത്താനുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
24-ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ്‌ഓഫ് ചെയ്തേക്കുമെന്നാണ് വിവരം. ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും എത്തുമെന്നാണ് സൂചന.
ഏഴ് – ഏഴര മണിക്കൂർ കൊണ്ടു 501 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിൻ പിന്നിടുക. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടായിരിക്കും.
ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വിഷു കൈനീട്ടമെന്ന് ബിജെപി
പുതിയ വന്ദേഭാരത് എക്സ്പ്രസ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയുടെ വിഷു കൈനീട്ടമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു. വന്ദേ ഭാരതിന്റെ പേരില്‍ തങ്ങളെ പരിഹസിച്ചവര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് ഔന്യോഗിക അറിയിപ്പ് കിട്ടിയില്ലെന്ന് പറഞ്ഞ് വിലപിക്കുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സംസ്ഥാനത്ത് അഭിമാനകരമായ ട്രെയിന്‍ കൊണ്ടുവരുന്നതെന്ന് ആരോപിക്കുന്നത് ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംശയം ഉന്നയിച്ചവര്‍ക്ക് പ്രധാനമന്ത്രി ഇപ്പോള്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും കേരളത്തിന് ട്രെയില്‍ അനുവദിച്ചതിന് മോദിക്കും റെയില്‍വേ മന്ത്രിക്കും നന്ദിയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. സെമി-ഹൈസ്പീഡ് ട്രെയിന്‍ കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചല്ല കേന്ദ്രസര്‍ക്കാര്‍ വികസനം കൊണ്ടുവരുന്നത്. സില്‍വര്‍ലൈനും വന്ദേഭാരതും തമ്മിലുള്ള വ്യത്യാസം ആണ് കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ളത്. സില്‍വര്‍ ലൈന്‍ അപ്രയോഗികം എന്നത് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് വന്ദേഭാരതിന്റെ വരവ്” മുരളീധരന്‍ പറഞ്ഞു. കേന്ദ്രം വന്ദേഭാരത് നല്‍കിയത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം കണ്ടാണെന്ന
രാഷ്ട്രീയ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു, പ്രധാനമന്ത്രി തന്റെ സന്ദര്‍ശനങ്ങള്‍ക്ക് മുമ്പും ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിച്ചതിനെ സിപിഎം ലോക്സഭാംഗം എ എം ആരിഫും യുഡിഎഫ് എംപി എന്‍ കെ പ്രേമചന്ദ്രനും സ്വാഗതം ചെയ്‌തെങ്കിലും കേരളത്തിന് മാത്രമായി മോദി സര്‍ക്കാര്‍ കാണിക്കുന്ന പ്രത്യേക പരിഗണനയായി ഇതിനെ കാണാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. ഒരു ട്രെയിന്‍ വന്നതുകൊണ്ട് കേരളത്തിലെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്നാണ്ആരിഫ് പറഞ്ഞത്.
സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമാണ് ട്രെയിനെന്ന ബിജെപി നേതാക്കളുടെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞ പ്രേമചന്ദ്രന്‍, ഇതില്‍ രാഷ്ട്രീയം പറയേണ്ടതില്ലെന്നും മറ്റു പല സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചതുപോലെ കേരളത്തിനും പുതിയ ട്രെയിന്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചാല്‍ മാത്രമേ പ്രതികരിക്കൂവെന്ന് സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.