തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം – കണ്ണൂര്‍ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചുവേളിയില്‍നിന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നാലെ ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്.7 മണിക്കൂര്‍ 10 മിനിട്ട് സമയമെടുത്ത് ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്.
50 മിനിറ്റാണ് തിരുവനന്തപുരം – കൊല്ലം യാത്രയ്ക്ക് എടുത്തത്. 7.25ന് വന്ദേ ഭാരത് എക്‌സ്പ്രസ് കോട്ടയം റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്തി. രണ്ടേകാല്‍ മണിക്കൂറാണ് ട്രയല്‍റണ്ണില്‍ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം – കോട്ടയം യാത്രയ്‌ക്കെടുത്തത്. കോട്ടയത്തുനിന്ന് 7.30 ന് യാത്രതിരിച്ച വന്ദേഭാരത് 8.30ന് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെത്തി. കൃത്യം ഒരു മണിക്കൂറാണ് കോട്ടയം – എറണാകുളം യാത്രയ്ക്കെടുത്തത്. 9.37 ന് ട്രെയിന്‍ തൃശ്ശൂര്‍ സ്റ്റേഷനിലെത്തി. ഒരു മിനിറ്റ് മാത്രം തൃശ്ശൂരില്‍ നിര്‍ത്തിയ ട്രെയിന്‍ ഷൊര്‍ണൂരിലേക്ക് യാത്രതിരിച്ചു. 4 മണിക്കൂര്‍ 20 മിനിട്ടാണ് തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്താന്‍ എടുത്തത്. തൂശ്ശൂരില്‍നിന്ന് 9.38 ന് യാത്രതിരിച്ച തീവണ്ടി 11.17 ന് കോഴിക്കോടെത്തി. ആറ് മണിക്കൂറും ഏഴ് മിനിട്ടുമാണ് ട്രെയിന്‍ തിരുവനന്തപുരം- കോഴിക്കോട് യാത്രയ്ക്ക് എടുത്തത്.
തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും ട്രെയിനിലുണ്ടായിരുന്നു .ട്രെയിന്‍2.30-നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. കോട്ടയം വഴിയാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയല്‍റണ്‍ നടന്നത്
അതേസമയം, ട്രെയിനിന്റെ ഷെഡ്യൂളും റെയില്‍വേ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.