scorecardresearch
Latest News

രണ്ടാം ഘട്ട ട്രയലില്‍ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്‌സ്പ്രസ്

ആദ്യ പരീക്ഷണയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് 7 മണിക്കൂര്‍ 10 മിനിറ്റുകൊണ്ട് കണ്ണൂരിലെത്തിയിരുന്നു

vande bharat, train, ie malayalam
vande bharat

തിരുവനന്തപുരം:രണ്ടാം ഘട്ട ട്രയലില്‍ സമയം മെച്ചപ്പെടുത്തി കേരളത്തിന് പുതുതായി അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്തിയത് ആറ് മണിക്കൂർ 53 മിനിറ്റ് കൊണ്ട്. ആദ്യയാത്രയിൽ ഏഴുമണിക്കൂർ പത്തുമിനിറ്റ് കൊണ്ടാണ് ഈ ദൂരം പിന്നിട്ടത്.

പുലർച്ചെ 5.20-ന് തിരുവനന്തപുരത്ത് നിന്ന് വിട്ട ട്രെയിൻ 1.10-നാണ് കാസർകോടെത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിൻ കാസർകോട് എത്താൻ എടുത്ത സമയം. തിങ്കളാഴ്ചത്തെ പരീക്ഷണയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് 7 മണിക്കൂര്‍ 10 മിനിറ്റുകൊണ്ടാണ് കണ്ണൂരിലെത്തിയത്‌. കഴിഞ്ഞ തവണത്തേക്കാൾ 17 മിനിറ്റ് നേരത്തേ ആയിരുന്നു ഇത്തവണ കണ്ണൂരെത്തിയ

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തിയത്‌. ട്രെയിന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് കാസര്‍കോട് വരെയുളള രണ്ടാം ഘട്ട ട്രയല്‍ റണ്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് പുറപ്പെട്ട ട്രെയിന്‍ കാസര്‍ഗോഡ് നിന്ന് ഇന്ന് ഉച്ചയോടെ തിരിച്ച് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കണ്ണൂര്‍ വരെ ഏഴുമണിക്കൂറിനുള്ളില്‍ ട്രെയിന്‍ എത്തിക്കാനാണ് ശ്രമം. ട്രെയില്‍ 50 മിനിറ്റില്‍ കൊല്ലത്തെത്തി.

ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ ഒന്നാം ഘട്ട ട്രയല്‍ റണ്‍ നടത്തിയിരുന്നു. നേരത്തെ കണ്ണൂര്‍ വരെ എന്ന് പ്രഖ്യാപിച്ച വന്ദേഭാരത് സര്‍വീസ് കാസര്‍കോട് വരെ നീട്ടിയതായി ഇന്നലെ റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25-ാം തീയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമര്‍പ്പിക്കുകെയന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.

ആദ്യ പരീക്ഷണയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് 7 മണിക്കൂര്‍ 10 മിനിറ്റുകൊണ്ട് കണ്ണൂരിലെത്തിയിരുന്നു. വരും ദിവസങ്ങളിലും ട്രയല്‍ റണ്‍ ഉണ്ടാകുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവിധ മേഖലകളില്‍ എടുക്കാന്‍ കഴിയുന്ന വേഗം പരിശോധിക്കുക, പാളത്തിന്റെ ക്ഷമത വിലയിരുത്തുക, തുടങ്ങിയവയായിരുന്നു പരീക്ഷണ യാത്രയുടെ ലക്ഷ്യം.

അതേസമയം, വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രയുടെ സമയക്രമവും നിരക്കും പുറത്ത് വന്നിരുന്നു. ഏപ്രില്‍ 25-ാം തീയതിയാണ് ആദ്യ യാത്ര. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പ്രധാനമന്ത്രിയും യാത്ര ചെയ്‌തേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

പുലര്‍ച്ചെ 5.10-ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ച തിരിഞ്ഞ് 12.10-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് രണ്ട് മണിക്കാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. 12 എക്കോണമി കോച്ചും രണ്ട് എക്‌സിക്യൂട്ടിവ് കോച്ചുമായിരിക്കും ട്രെയിനില്‍ ഉണ്ടാകുക. എക്കോണമി കോച്ചില്‍ 78 സീറ്റുകളും എക്‌സിക്യൂട്ടിവില്‍ 54 സീറ്റുകളും ഉണ്ട്.

എക്കോണമി കോച്ചില്‍ ഭക്ഷണം ഉള്‍പ്പടെ 1,400 രൂപയാണ് നിരക്ക്. എക്‌സിക്യൂട്ടിവ് കോച്ചില്‍ 2,400 രൂപയും. ട്രെയിനിന്റെ മുന്നിലും പിന്നിലുമായി 44 സീറ്റുകളുള്ള ഓരോ കോച്ചുകളും ഉണ്ടായിരിക്കും. ഇതിന്റെ നിരക്ക് സംബന്ധിച്ച് വ്യക്തത ലഭ്യമായിട്ടില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vande bharat express kerala second trial run