കൊച്ചി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് രണ്ടു വിമാനങ്ങൾ കൂടി കേരളത്തിലെത്തും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15-ന് യാത്രതിരിക്കും.
ബഹ്റൈനിൽ നിന്നുള്ള വിമാനം രാത്രി 11.20ന് 184 യാത്രക്കാരുമായാണ് എത്തുന്നത്. രാത്രി 8.10നാണ് ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിമാനമെത്തുന്നത്. ബഹ്റൈനിൽനിന്നുള്ള രണ്ടാംവിമാനത്തിൽ 180 മുതിർന്നവരും നാല് കുഞ്ഞുങ്ങളുമാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുക. വൈകീട്ട് പ്രാദേശികസമയം 4.30-നാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെടുക. ഇന്ത്യൻസമയം രാത്രി 11.20-ന് ഇത് കോഴിക്കോട്ട് എത്തിച്ചേരും.
Read More: നാളെ മുതൽ കേരളത്തിലേക്കടക്കം ട്രെയിൻ സർവീസുകൾ: അറിയേണ്ടതെല്ലാം
ബഹ്റൈനിൽ നിന്ന് ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. 13,000-ത്തിലധികം പേരാണ് ഇന്ത്യൻ എംബസിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടാംഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചൊവ്വാഴ്ച ദുബായിൽനിന്ന് കണ്ണൂരിലേക്ക് വിമാനമുണ്ട്.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി രണ്ട് കുട്ടികൾ ഉൾപ്പടെ 179 പ്രവാസികളുമായി മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വിമാനമെത്തി. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു. ഇതിനു പുറമെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും ഈ വിമാനത്തിൽ കേരളത്തിലെത്തി. കോയമ്പത്തൂർ, ബെംഗളൂരു, പുനെ സ്വദേശികളായി പത്ത് പേരാണ് ഈ വിമാനത്തിൽ കൊച്ചിയിലെത്തിയത്. ഇവരുടെ വൈദ്യ പരിശോധനകൾ വിമാനത്താവളത്തിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസമെത്തിയ പ്രവാസികളിൽ എട്ടുപേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായാണ് ഇവരുള്ളത്. ഇന്നത്തെ പരിശോധനക്ക് ശേഷം ഇവർക്ക് രോഗലക്ഷമുണ്ടെങ്കിൽ കളമശ്ശേരിയിലേക്കും ഇല്ലെങ്കിൽ അതാത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും അയക്കും. ഇതരസംസ്ഥാനക്കാർ കൊച്ചിയിൽ തന്നെ ക്വാറന്റൈനിൽ തുടരും.
അതേസമയം, ഞായറാഴ്ച സംസ്ഥാനത്തെ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി യാത്രതിരിക്കേണ്ട തിരുവനന്തപുരം-ദോഹ വിമാനം റദ്ദാക്കി. യാത്രാ അനുമതിയില്ലാത്തതിനെത്തുടർന്നാണ് വിമാനം റദ്ദാക്കിയത്. ദോഹയിലേക്ക് തിരിച്ച് ഞായറാഴ്ച രാത്രി 10.45 ന് തിരുവനന്തപുരത്ത് തിരിച്ചെത്തേണ്ടിയരുന്ന വിമാനമാണ് റദ്ദാക്കിയത്. 181 യാത്രക്കാരെയായിരുന്നു തിരിച്ചെത്തിക്കേണ്ടിയിരുന്നത്.
ഞായറാഴ്ച ക്വാലാലംപൂരില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ 20 പാലക്കാട്ടുകാരില്‍ 12 പേരെ നിരീക്ഷണത്തിനായി എലപ്പുള്ളിയിലെ അഹല്യ ഹെറിറ്റേജ്ലേക്ക് മാറ്റി പാര്‍പ്പിച്ചു.
മടങ്ങിയെത്തിയവരില്‍ മൂന്നു പേര് ഗര്‍ഭിണികളാണ്. രണ്ടുപേര്‍ 10 വയസ്സിനു താഴെയുള്ള കുട്ടികളും രണ്ടുപേര്‍ മുതിര്‍ന്ന പൗരന്മാരുമാണ്. ബാക്കിയുള്ള 13 പേരില്‍ ഒരാള്‍ ഗര്‍ഭിണിയായ യുവതിയുടെ ഭര്‍ത്താവുമാണ്. അതിനാല്‍ ഇവര്‍ക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാം. ബാക്കിയുള്ള 12 പേരാണ് അഹല്യ ഹെറിറ്റേജില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്ട്രോള് സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ ഇന്ന് (മെയ് 11) പുലര്‍ച്ചെ എത്തിയ 12 പേരെയാണ് ഇന്സ്റ്റിറ്റ്യൂഷ്ണല് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കു ശേഷമാണ് ഗര്‍ഭിണികളെയും കുട്ടികളെയും മുതിര്‍ന്ന പൗരന്മാരേയും വീടുകളിലേക്ക് പറഞ്ഞയക്കുകയും മറ്റുള്ളവരെ സര്‍ക്കാര്‍ ക്വറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.