തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നും പണം തിരിമറി നടത്തിയെന്ന ആരോപണത്തില്‍ ട്രഷറി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
അതേസമയം, സബ്ട്രഷറിയിലെ ജീവനക്കാരന്‍ പണം തിരിമറി നടത്തിയ സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടര്‍ അറിയിച്ചതായി കളക്ടര്‍ നവ്ജ്യോത് ഘോസ പ്രസ്താവനയില്‍ അറിയിച്ചു. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 62 ലക്ഷം രൂപ തിരിമറി നടത്തിയതായാണു ട്രഷറി ഡയറക്ടര്‍ കണ്ടെത്തി. വിശദ അന്വേഷണത്തിനായി ട്രഷറി ജോയിന്റ് ഡയറക്ടര്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ബിജുലാല്‍ പണം തട്ടിയെടുത്തെന്നാണ് ആരോപണം. ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്ക് തുക മാറ്റി. രണ്ട് കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത് എന്നായിരുന്നു ആരോപണം.
സബ് ട്രഷറി ഓഫീസര്‍ വിരമിക്കുന്നതിന് മുമ്പ് രണ്ട് മാസം അവധിയില്‍ ആയിരുന്നു. ഇക്കാലത്താണ് ബിജുലാല്‍ പണം തട്ടിയെടുത്തത്. മെയ് 31-നാണ് ഓഫീസര്‍ വിരമിച്ചത്.
Read Also: സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കോവിഡ്, സമ്പർക്കം വഴി 880 രോഗികൾ; 752 പേർക്ക് രോഗമുക്തി
സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന് എതിരെ തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
കളക്ടറുടെ അക്കൗണ്ടില്‍നിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരന്‍ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു കളക്ടര്‍ ട്രഷറി ഡയറക്ടറില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കളക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ അക്കൗണ്ടിലെ പണം തിരിമറികള്‍ക്കായി ഉപയോഗിച്ചെന്നും ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂര്‍ അഡീഷണല്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടര്‍ കളക്ടറെ അറിയിച്ചു.
ട്രഷറിയിലൂടെ ഉദ്യോഗസ്ഥര്‍ക്കു തിരിമറി നടത്തുന്നതനുള്ള എല്ലാ പഴുതുകളും അടച്ചു സിസ്റ്റം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.