തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് വലിയതുറയിലും ചെറിയതുറയിലും കടല്‍ക്ഷോഭമുണ്ടായി. കടല്‍ക്ഷോഭത്തില്‍ കെട്ടിടം തകര്‍ന്നെങ്കിലും ആളപായമില്ല. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വലിയതുറയിലും ചിറയിന്‍കീഴിലുമായി ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ശംഖുമുഖം ബീച്ചിലും കടലേറ്റം രൂക്ഷമാണ്. ഇന്ന് ഉച്ചയോടെയാണ് കടൽക്ഷോഭം ശക്തമായത്. വലിയ തിരമാലകൾ കരയിലേക്ക് അടിച്ചുതുടങ്ങി. തീരത്തുണ്ടായിരുന്ന വള്ളങ്ങളിൽ ചിലത് തിരമാലയിൽ പെട്ടു.  വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് ഭാഗത്തെ വീടുകളിലും വ്യാപകമായി വെള്ളം കയറിയത് മൂലം ചില വീടുകളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശംഖുമുഖത്ത് തിരയടിച്ച് കയറിയതോടെ സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മത്സ്യതൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്.

പിറവത്ത് അതിശക്തമായ കാറ്റിൽ കനത്ത നാശനഷ്ടമുണ്ടായി. പള്ളിയുടെ നടപന്തലിലെ മേൽക്കൂര തകർന്നു. വീടുകളിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിൽ 2019 നോട്‌ കൂടി ഒരു ന്യൂനമർദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതിന്റെ ഫലമായി 25-ാം തീയതി ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവാനും 26 ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാവാനും 27 ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70കിലോമീറ്റർ വരെയാവാനും 28 ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 80 മുതൽ 90കിലോമീറ്റർ വരെയും തമിഴ്നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read: വേനല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ

കടല്‍ക്ഷോഭത്തിനും വലിയ തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ 27 ന് മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 27-ാം തീയതി രാവിലെ 12 ന് മുമ്പ് മടങ്ങിവരണമെന്നും നിർദേശമുണ്ട്.

25 ന് രാത്രി 11.30 വരെ തീരത്ത് 1.5 മീറ്റർ മുതൽ 2.2 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ, പ്രസ്തുത പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കടലോര മേഖലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook