തിരുവനന്തപുരം: പിണറായി സർക്കാരിൽ നിന്ന് മന്ത്രിസ്ഥാനം രാജിവച്ചൊഴിഞ്ഞ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് വിജിലൻസ്. വലിയകുളം-സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെന്ന് കാട്ടിയാണ് കോട്ടയം വിജിലൻസ് എസ് പി കേസെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

നേരത്തേ തന്നെ ലേക് പാലസ് റിസോർട്ടുമായി നിരവധി നിയമലംഘന ആരോപണങ്ങളാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്നുവന്നത്. പിന്നീട് ആലപ്പുഴ ജില്ല കളക്ടർ ടിവി അനുപമയുടെ അന്വേഷണ റിപ്പോർട്ടിനെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് കടുത്ത പരാമർശങ്ങളുണ്ടായതോടെയാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.

തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ ജില്ല കലക്ടർ, അഞ്ചുവർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തിയിരുന്നു.

മാർത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ