കാലം തെറ്റി ഫെബ്രുവരിയിലും മഞ്ഞുപുതച്ചു നില്‍ക്കുകയാണ് കിഴക്കിന്റെ കശ്‌മീരെന്ന് അറിയപ്പെടുന്ന മൂന്നാര്‍. പ്രണയം ഇഷ്ടപ്പെടുന്നവര്‍ക്കും പ്രണയം ആഘോഷമാക്കുന്നവര്‍ക്കുമായി വീണ്ടുമൊരു വാലന്റൈന്‍സ് ദിനം കൂടിയെത്തുമ്പോള്‍ ഒരിക്കലും മരിക്കാത്ത പ്രണയത്തിന്റെ ഓര്‍മകള്‍ പേറുന്ന ഒരിടം മൂന്നാര്‍ ടൗണിനു സമീപമുള്ള കുന്നിന്‍മുകളിലുണ്ട്. നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന സിഎസ്‌ഐ പള്ളിയും ഇവിടത്തെ സെമിത്തേരിയുമാണ് ചരിത്രത്തിന്റെ തുടിപ്പുമായി അനശ്വര പ്രണയത്തിന്റെ ഇനിയും മരിക്കാത്ത സാക്ഷിയായി ഇപ്പോഴും നിലകൊള്ളുന്നത്. ഒരു പക്ഷേ ലോകത്തു തന്നെ ആദ്യമായിരിക്കും പള്ളി നിര്‍മിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സെമിത്തേരി സ്ഥാപിതമാകുന്നത്. ഒരു ക്രിസ്ത്യന്‍ ദേവാലയവും പ്രണയവും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുമെന്നു ചിന്തിക്കുന്നവര്‍ ഹെന്‍ട്രി മാന്‍നൈറ്റിനെയും ഇസബെല്‍ മേയേയും കുറിച്ചു കൂടുതലറിയുമ്പോള്‍ ഈ അനശ്വര പ്രണയത്തിനു മുന്നില്‍ ശിരസു നമിക്കും.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടുകളിലാണ് മൂന്നാറില്‍ തേയിലകൃഷി നടത്തായി ബ്രിട്ടീഷ് കമ്പനികള്‍ വ്യാപകമായി സാന്നിധ്യമറിയിച്ചു തുടങ്ങിയത്. അക്കാലത്താണ് ബ്രിട്ടീഷ് പ്ലാന്റിംഗ് കമ്പനി എന്ന പ്ലാന്റേഷന്‍ കമ്പനിയുടെ ജനറല്‍ മാനേജരായി ഹെന്‍ട്രി മാന്‍ഫീല്‍ഡ് നൈറ്റ് എന്ന ചെറുപ്പക്കാരന്‍ മൂന്നാറിന്റെ മണ്ണില്‍ കാലുകുത്തിയത്. പ്രണയിനിയായ എലനോര്‍ ഇസബെല്‍ മേയും ഒപ്പമുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ തെരുവീഥികളില്‍ നാമ്പിട്ട പ്രണയം പടര്‍ന്നു പന്തലിച്ചത് മൂന്നാറിന്റെ കുന്നിന്‍ മുകളിലും താഴ്‌വാരങ്ങളിലുമായിരുന്നു. ഒടുവില്‍ അധികം വൈകാതെ ഇന്ത്യന്‍ മണ്ണില്‍ വച്ചുതന്നെ പ്രണയം വിവാഹത്തിനു വഴിമാറി. പിന്നീടുള്ള നാളുകളില്‍ യുവമിഥുനങ്ങള്‍ മൂന്നാറിലെ കുന്നിന്‍ മുകളിലൂടെയും താഴ് വാരങ്ങളിലൂടെയും പാറിപ്പറന്നു നടന്നു. മഞ്ഞും മഴയും അവരുടെ പ്രണയത്തിനു കൂട്ടായി.

ചിത്രം: ജോമോന്‍ ജോര്‍ജ്

ചിത്രം: ജോമോന്‍ ജോര്‍ജ്

മഞ്ഞണിഞ്ഞ മലനിരകളിലൂടെ ചുറ്റിസഞ്ചരിക്കുന്നതിലായിരുന്നു എലേനറിനു കൂടുതല്‍ താല്‍പര്യം. പതിവു സവാരിക്കിടയില്‍ ഒരുദിവസം ഇരുവരും പഴയ മൂന്നാറിനു സമീപമുള്ള ഇപ്പോള്‍ സിഎസ്‌ഐ പള്ളി സെമിത്തേരി സ്ഥിതിചെയ്യുന്ന കുന്നിന്‍മുകളിലെത്തി. മഞ്ഞണിഞ്ഞ പുല്‍മേട്ടില്‍ ഹെന്‍ട്രിയുടെ നെഞ്ചില്‍ തലചായ്ച്ചു കിടക്കുന്നതിനിടെ കണ്ട പ്രകൃതി ദൃശ്യങ്ങളില്‍ എലനോറിന്റെ മനസുടക്കി. പിന്നീട് ഒരു അശരീരി പോലെയാണ് എലനോറിന്റെ വാക്കുകകള്‍ പുറത്തുവന്നത്. “ഞാന്‍ മരിച്ചാല്‍ എന്നെ ഈ കുന്നിന്‍ മുകളില്‍ തന്നെ സംസ്‌കരിക്കണം” എന്നായിരുന്നു എലനോര്‍ പിന്നീടു പറഞ്ഞത്. എന്നാല്‍ എലനോറിന്റെ വാക്കുകള്‍ അറംപറ്റിയെന്നു തന്നെ പറയാം. ഇതുപറഞ്ഞതിന്റെ മൂന്നാംനാള്‍ കോളറ ബാധിച്ച് എലനോര്‍ മരണത്തിനു കീഴടങ്ങി. പ്രിയതമയുടെ ആഗ്രഹപ്രകാരം ഹെന്‍ട്രി കുന്നിന്‍ മുകളില്‍ തന്നെ പ്രിയതമയ്ക്കു കുഴിമാടമൊരുക്കി.

1894 ഡിസംബര്‍ 23-ന് വെറും 24 വയസുമാത്രമുള്ളപ്പോഴായിരുന്നു എലനോര്‍ ലോകം വിട്ടുപോയത്. എലനോറിന്റെ ഓര്‍മകള്‍ പേറുന്ന കുന്നിന്‍ മുകളിലുള്ള സെമിത്തേരി അനാഥമാകാതിരിക്കാനാണ് പിന്നീട് ഇവിടെ ഒരു പള്ളി നിര്‍മിക്കാന്‍ ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ തുടക്കമിട്ടത്. 1910-ല്‍ നിര്‍മാണം തുടങ്ങിയ പള്ളി പണി പൂര്‍ത്തിയാക്കി ആരാധനയ്ക്കായി തുറന്നുകൊടുത്തത് 1911 ഏപ്രില്‍ 16-നായിരുന്നു. പള്ളി നിര്‍മാണത്തിനാവശ്യമായ ഭൂരിഭാഗം വസ്തുക്കളും ഇംഗ്ലണ്ടില്‍ നിന്നു കപ്പല്‍ മാര്‍ഗമായിരുന്നു എത്തിച്ചത്. സ്‌കോട്ടിഷ് മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള പള്ളിയില്‍ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പിയാനോയും ബൈബിളും ഇപ്പോഴും കാണാനാവും. പള്ളിയുടെ ആരംഭ കാലങ്ങളില്‍ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു പ്രാര്‍ഥനകള്‍ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മലയാളത്തിലും പ്രാര്‍ഥന നടക്കുന്നുണ്ട്.

ചിത്രം: ജോമോന്‍ ജോര്‍ജ്

ചിത്രം: ജോമോന്‍ ജോര്‍ജ്

എലനോര്‍ ഇസബെല്‍ മേ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയില്‍ തന്നെ നാല്‍പ്പതിലധികം ബ്രിട്ടീഷ് വംശജരെ സംസ്‌കരിച്ചിട്ടുണ്ട്. തങ്ങളുടെ പൂര്‍വികരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കാനായി നിരവധി ബ്രിട്ടീഷുകാരാണ് പള്ളിയിലെത്തുന്നത്. കാലപ്രവാഹം ഈ സെമിത്തേരിയേയും ബാധിച്ചിട്ടുണ്ട്. തകര്‍ച്ചയുടെ വക്കിലായിരുന്ന എലേനറിന്റെ കല്ലറ പള്ളി അധികൃതര്‍ നേരിയ തോതില്‍ പുനര്‍നിര്‍മിച്ചിട്ടുണ്ടെങ്കിലും സെമിത്തേരി കാടുമൂടിയ നിലയിലാണ്. സെമിത്തേരിയുടെ പുനര്‍നിര്‍മാണ, സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തുമെന്നും ഇതിനായി ബ്രിട്ടീഷുകാരെ സംസ്‌കരിച്ച സ്ഥലങ്ങള്‍ പ്രത്യേകം മാറ്റിയിട്ടിട്ടുണ്ടെന്നും മൂന്നാര്‍ സിഎസ്‌ഐ പള്ളിവികാരി ഫാദര്‍ ഷിബുമോന്‍ സി.കെ പറയുന്നു.
മൂന്നാര്‍ നഗരത്തില്‍ നിന്നു കേവലം അഞ്ചുമിനിട്ടുമാത്രം സഞ്ചരിച്ചാല്‍ എത്താനാവുന്നതാണ് മൂന്നാര്‍ സിഎസ്‌ഐ പള്ളിയും സെമിത്തേരിയുമെന്ന കാര്യം ഭൂരിഭാഗം സഞ്ചാരികള്‍ക്കുമറിയില്ല. ട്രാവല്‍ ഏജന്റുമാരും ഡ്രൈവര്‍മാരും ഇവിടേക്കു സഞ്ചാരികളെ എത്തിക്കാന്‍ താല്‍പര്യം കാണിക്കാറുമില്ല.

മൂന്നാറിലെത്തുന്നവര്‍ മറക്കാതെ സന്ദര്‍ശിക്കേണ്ട ചരിത്രത്തിന്റെ ഗന്ധം പേറുന്ന മൂന്നാര്‍ സിഎസ്‌ഐ പള്ളിയും സെമിത്തേരിയും. ഇവിടം പുതുതലമുറയ്ക്കു പകര്‍ന്നു ന്‍നല്‍കുന്നത് അനശ്വര പ്രണയത്തിന്റെ ഇനിയും മായ്ക്കാനാവാത്ത കഥകളാണ്. കാലപ്രവാഹത്തിനും മായ്ക്കാനാവാതെ എലനോര്‍ ഇസബെല്‍മേയും ഹെന്‍ട്രി മാന്‍ നൈറ്റും അവരുടെ പ്രണയവും മൂന്നാറില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ