പാലക്കാട്: വാളയാറില്‍ പീഡനത്തെത്തുടർന്നു സഹോദരിമാർ മരിച്ച സംഭവത്തില്‍ മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്ത്. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരിയില്‍ പെൺകുട്ടി മരിക്കുന്നതുവരെ പീഡനത്തിനിരയായി. പെണ്‍കുട്ടിയുടെയും വല്യമ്മയുടെയും പ്രതികളുടെയും വീട്ടിൽവച്ച് പീഡനത്തിന് ഇരയായെന്നു കുറ്റപത്രത്തില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കുറ്റപത്രത്തില്‍ ഇളയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

Read More: വാളയാർ മരണം; അന്വേഷണത്തിൽ വീഴ്ച: എസ്ഐക്ക് സസ്‌പെൻഷൻ

കേസില്‍ 57 സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരാണ് മൊഴി നല്‍കിയത്. പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം പോകാറുണ്ടെന്ന് മൊഴി നൽകിയത് 10 പേരാണ്.

മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ മുഖം മറച്ച് വീടിന് പുറത്തേക്ക് പോകുന്നതു കണ്ടെന്ന ഇളയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, പെൺകുട്ടിയെ പീഡിപ്പിക്കുന്നത് താൻ കണ്ടുവെന്ന് രണ്ടാനച്ഛൻ മൊഴി നൽകിയത് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ മറ്റുമാർഗങ്ങൾ ഇല്ലാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് അമ്മ നൽകിയ മൊഴിയിലുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

2017 ജനുവരി 13 നാണ് പതിമൂന്നുകാരിയെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 52 ദിവസത്തിനുശേഷം പെൺകുട്ടിയുടെ സഹോദരിയായ ഒൻപതുകാരിയെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാർച്ച് നാലിനായിരുന്നു ഇത്. ഇതോടെയാണ് സംഭവം വിവാദമായത്. മൂത്ത കുട്ടി ബന്ധുവിന്റെ പീഡനത്തിന് ഇരയായെന്ന് പൊലീസിനോട് പറഞ്ഞിരുന്നതായി അമ്മ പിന്നീട് വ്യക്തമാക്കിയിരുന്നു.

Read More: ഈ അവസ്ഥ ഭയാനകം; വാളയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ടൊവിനോ തോമസ്

ചു​ള്ളി​മ​ട​യ്ക്ക​ടു​ത്ത് അ​ട്ട​പ്പ​ള്ള​ത്ത് ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. അഞ്ചുപേരടങ്ങുന്നതാണ് കുടുബം. അച്ഛനമ്മമാർ കെട്ടിട നിർമാണത്തൊഴിലാളികളാണ്. ഇവർ പണികഴിഞ്ഞ് മടങ്ങിയെത്തുന്നതിന് മു​ൻപാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. ഒറ്റമുറി വീടിന്റെ ഉത്തരത്തിലേക്ക് പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് കൈ എത്തില്ലെന്നും ആത്മഹത്യ ചെയ്യാനുള്ള സാധ്യതകൾ കുറവാണെന്നും ആരോപണം ഉയർന്നതോടെയാണ് പൊലീസിന്റെ വീഴ്‌ചയെക്കുറിച്ച് ചർച്ച ഉയർന്നത്.

മൂത്ത സഹോദരിയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ ഇളയ കുട്ടിയാണ്. അന്ന് സഹോദരിയെ മരിച്ചനിലയിൽ കാണുന്നതിന് മുമ്പ് വീട്ടിലേയ്ക്ക് വരുമ്പോൾ രണ്ടുപേർ ടവൽ കൊണ്ട് മുഖം മറച്ച് പോകുന്നതായി കുട്ടി മൊഴിനൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.