തിരുവനന്തപുരം: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി. വാളയാർ എസ്ഐയെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. നേരത്തെ പെൺകുട്ടികളുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് ആരോപണം ഉയർന്നിരുന്നു. വാളയാർ എസ്ഐക്ക് പകരം നാർക്കോട്ടിക് ഡിവൈഎസ്പി സോജനാണ് കേസ് അന്വേഷിക്കുക. കേസിന്റെ പുരോഗതിയെപ്പറ്റി മലപ്പുറം എസ്പിക്ക് ഉടൻ​ തന്നെ റിപ്പോർട്ട് നൽകാനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കാനും ഡിജിപി തീരുമാനിച്ചിട്ടുണ്ട്. വീഴ്ചയെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു. പതിനൊന്നുകാരിയായ മൂത്ത കുട്ടി ജനുവരി 13 നും ഒൻപതുകാരിയായ ഇളയ മകൾ മാർച്ച് നാലിനുമാണ് വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റമുറി വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

പാലക്കാട് വാളയാറിൽ സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പിന്നിൽ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കുമെതിരെ പോക്സോ ചുമത്തുമെന്നും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടയെന്നും നിയമസഭയിൽ അദ്ദേഹം പറഞ്ഞു.

ആദ്യത്തെ പെണ്‍കുട്ടി മരിച്ച സമയത്ത് പൊലീസിന് സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തതെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. എന്നാല്‍ ആദ്യ പെണ്‍കുട്ടിയും പീഡനത്തിനിരയായെന്ന് ഇപ്പോള്‍ വ്യക്തമായി. രണ്ട് കേസിലും കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും പിണറായി സഭയെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.