പാലക്കാട്: വാളയാറിൽ സഹോദരികളുടെ ആത്മഹത്യയിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അയൽവാസിയായ 17 കാരനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.പെൺകുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തു എന്ന പരാതിയിലാണ് 17കാരനെ അറസ്റ്റ് ചെയ്തത്. നേരത്തെ കുട്ടികളുടെ ബന്ധുക്കളായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ അമ്മയുടെ ബന്ധു പാമ്പാംപള്ളം കല്ലങ്കാട് മധു (27), ഇടുക്കി രാജാക്കാട് വലിയ മുല്ലക്കാനം നാലുതയ്ക്കൽ ഷിബു (43) എന്നിവരെയാണ് കസ്റ്റഡിയിൽ ഉള്ളത്.

പോക്സോ ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ മരണത്തിൽ കൊലപാതക സാധ്യതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മധു രണ്ടു കുട്ടികളെയും പീഡിപ്പിച്ചതായാണു പൊലീസിന്റെ കണ്ടെത്തൽ.

മാർച്ച് നാലിനാണ് നാലാംക്ലാസുകാരി ശരണ്യയെ (ഒന്പത്) വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ജനുവരി 13 ന് കൃതിക ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാലാം ക്ലാസുകാരി ശരണ്യയുടെ മരണം ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അമ്മയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്ന് ദുരൂഹത ഉയർന്നു. വീടിന്റെ ഉത്തരത്തിലേക്ക് പെൺകുട്ടി ഒറ്റയ്ക്ക് കൈ എത്തില്ലെന്നും, ആത്മഹത്യ ചെയ്യാനുള്ള സാധ്യതകൾ കുറവാണെന്നും സംസാരമുണ്ട്. ഒറ്റമുറി വീട്ടിലായിരുന്നു ഇവരുടെ താമസം. അഞ്ചുപേരടങ്ങുന്നതാണ് കുടുബം. അച്ഛനമ്മമാർ നിർമ്മാണ തൊഴിലാളികളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ