പാലക്കാട്: വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട നടപടിയില്‍ അന്വേഷണം ഉണ്ടാകുമെന്നു നിയമമന്ത്രി എ.കെ.ബാലന്‍. രണ്ടു തലത്തിലുള്ള അന്വേഷണം നടക്കും. പൊലീസ് അന്വേഷണത്തിലെ വീഴ്ച പരിശോധിക്കും. ഡിഐജിയായിരിക്കും പൊലീസ് അന്വേഷണത്തിലെ വീഴ്ച പരിശോധിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡിഐജിയുടെ റിപ്പോര്‍ട്ടിനു ശേഷം ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തും. കേസ് നടത്തിപ്പിലെ വീഴ്‌ച പ്രേസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസിന്റെ ഗൗരവം മനസിലാക്കിയാണ് അപ്പീൽ നൽകുന്നതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസിന്റെ അപ്പീലിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു.
Read Also: സംസ്ഥാനത്തിനേറ്റ കളങ്കം നീക്കണം; വാളയാര്‍ കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആനിരാജ
വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ ശ്രമം നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി. സർക്കാരിനും ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണം. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ശിശുക്ഷേമ സമിതി ചെയര്‍മാനാക്കിയ സര്‍ക്കാര്‍, കേസിന്റെ എല്ലാതലങ്ങളിലും വീഴ്ച വരുത്തി.
പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും പ്രതികള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകളാണ് അന്വേഷണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നത്. പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയ കേസാണ് അട്ടിമറി നടത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം പറഞ്ഞിരുന്നു. കേസില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും അപ്പീല്‍ പോകണമെന്നും പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് മനോരമ ന്യൂസിനോടു പറഞ്ഞു.