തിരുവനന്തപുരം: വാളയാര്‍ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വസ്റ്റിഗേഷന്റെ (സിബിഐ) കുറ്റപത്രം. തുടര്‍ പീഡനങ്ങള്‍ ആത്മഹത്യയ്ക്ക് കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതികള്‍ തന്നെയാണ് സിബിഐയുടെ പ്രതിപ്പട്ടികയിലും ഉള്‍പ്പെട്ടിരിക്കുന്നത്.
കൊലപാതക സാധ്യതകള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന് സിബിഐയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നിരന്തരമായി നേരീട്ട ശാരീരിക പീഡനങ്ങളാണ് കുട്ടികളുടെ ആത്മഹത്യയുടെ കാരണമെന്ന് സിബിഐ പറയുന്നു. പ്രതികള്‍ക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ക്ക് ചാര്‍ത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
സിബിഐയുടെ കുറ്റപത്രം ഒരു തരത്തിലും തൃപ്തി നല്‍കുന്നില്ലെന്ന് വളയാര്‍ സമരസമിതി അംഗം സി. ആര് നീലകണ്ഠന് മനോരമ ന്യൂസിനോട് പറഞ്ഞു. “രണ്ടാമത്തെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയാം. അന്വേഷണത്തില്‍ വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വലിയ അട്ടിമറി നടന്നു,” നീലകണ്ഠന് പറഞ്ഞു.
2017 ജനുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിനാണ് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.
Also Read: ആവശ്യാനുസരണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക; സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം