കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരായ എട്ടോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുരുമുളക് സ്പ്രേ അടിച്ച ശേഷം കരിമ്പിൻ തണ്ട് കൊണ്ട് മർദ്ദിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയത്.
വൈക്കം കുലശേഖരമംഗലം മേക്കര കരിയിൽ ശശിയുടെ മകൻ ശ്യാം(24) ആണ് കൊല്ലപ്പെട്ടത്. അയൽവാസി മേക്കര വെട്ടിത്തറയിൽ പുരുഷന്റെ മകൻ നന്ദു(22)വിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർഎസ്എസ് കണിച്ചേരി ശാഖ മുഖ്യശിക്ഷക് സേതുമാധവൻ ആണ് മുഖ്യപ്രതി. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വൈക്കത്ത് അഷ്ടമി ആഘോഷം കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങിയ ശ്യാമിനും സംഘത്തിനും നേരെ കുരുമുളക് സ്പ്രേ അടിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ ചിതറിയോടി. എന്നാൽ ശ്യാമും നന്ദുവും അക്രമി സംഘത്തിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു.
ശ്യാമിനെയും സുഹൃത്തുക്കളെയും നേരത്തെ തന്നെ ആർഎസ്എസ് പ്രവർത്തകർ നോട്ടമിട്ടിരുന്നതായി ഡിവൈഎഫ്ഐ തലയോലപ്പറമ്പ് മേഖല സെക്രട്ടറി രോഹിത് പറഞ്ഞു. “ആ മേഖലയിൽ കഞ്ചാവ് അടക്കമുളള ലഹരിമരുന്നുകൾ യുവാക്കൾക്ക് വ്യാപകമായി വിതരണം ചെയ്യുന്നതിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യം ഇവർക്ക് നേരത്തെ മുതലുണ്ട്. ഇന്ന് പുലർച്ചെ ഉത്സവം കഴിഞ്ഞ് മടങ്ങും വഴി ബോട്ട് ജെട്ടിക്ക് അടുത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ശ്യാമിന് തലയ്ക്ക് മാരകമായി പരിക്കേറ്റു,” രോഹിത് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് രോഹിത് മരിച്ചത്. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വിദ്വേഷമുണ്ടോയെന്ന് വ്യക്തമല്ലെന്ന് വൈക്കം പൊലീസ് അറിയിച്ചു. “ഇത് അന്വേഷിച്ചാൽ മാത്രമേ വ്യക്തമാകൂ. തർക്കം നടന്നത് ഉത്സവപ്പറമ്പിനടുത്തെ തട്ടുകടയിൽ വച്ചാണ്. ഈ അക്രമം ആണ് പിന്നീട് കൊലപാതകത്തിലേക്ക് എത്തിച്ചത്. പുലർച്ചെയാണ് കൊല നടന്നത്. എട്ട് പേർ കസ്റ്റഡിയിലുണ്ട്,” എന്നാണ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് വിവരം ലഭിച്ചത്. പ്രതികൾക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നും കൊല്ലപ്പെട്ട യുവാവ് ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും പൊലീസ് സ്ഥിരീകരിച്ചു.