ഒല്ലൂർ: തൈക്കാട്ടുശേരി വൈദ്യരത്‌നം ഗ്രൂപ്പ് ചെയർമാൻ അഷ്‌ടവെെദ്യൻ പദ്‌മഭൂഷൺ ഇ.ടി.നാരായണൻ മൂസിന്റെ സംസ്‌കാരം നടന്നു. ഒല്ലൂർ തെെക്കാട്ടുശേരിയിലെ വസതിയിൽ ഇന്നു രാവിലെ 9.30 ന് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് 87 കാരനായ നാരായണൻ മൂസ് അന്തരിച്ചത്.

വൈദ്യരത്നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായിരുന്നു നാരായണൻ മൂസ്‌. തൈക്കാട്ടുശേരി എളേടത്തു തൈക്കാട്ട് നീലകണ്‌ഠൻ മൂസിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1933 സെപ്‌റ്റംബർ 15നാണ് (1109 ചിങ്ങം 31) നാരായണൻ മൂസ് ജനിച്ചത്. ഒമ്പത് സഹോദരിമാരുടെ ഏക സഹോദരനായിരുന്നു നാരായണൻ മൂസ്. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.

മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി ‘വൈദ്യരത്ന’ ബഹുമതി നല്‍കി ആദരിച്ചു. അച്ഛന്‍ ഇ.ടി നീലകണ്ഠന്‍ മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു. 2010ല്‍ നാരായണന്‍ മൂസിന് പത്മഭൂഷണും ലഭിച്ചു. ശാരീരിക അവശതകളുണ്ടെങ്കിലും അടുത്തിടെ വരെ നാരായണൻ മൂസ് രോഗികളെ നോക്കിയിരുന്നു.

Read more: Kerala Weather Live Updates: സംസ്ഥാനത്ത് പരക്കെ മഴ, വടക്കൻ ജില്ലകളിൽ സ്ഥിതി ഗുരുതരം

കേരളത്തില്‍ ആദ്യകാലത്ത് 16 അഷ്ടവൈദ്യകുടുംബങ്ങള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ആറായി ചുരുങ്ങി. അതില്‍ പ്രമുഖമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ‘വൈദ്യരത്ന’ ബഹുമതി നല്‍കിയ എളേടത്ത് മന. ആയുര്‍വേദം അംഗീകരിച്ച എട്ടു ശാഖകളില്‍ സ്പെഷ്യലൈസ് ചെയ്യുമ്പോഴാണ് അഷ്ടവൈദ്യനാവുക.

1941ല്‍ നാരായണൻ മൂസിന്റെ അച്ഛന്‍ നീലകണ്ഠന്‍ മൂസാണ് വൈദ്യരത്നം ഔഷധശാല തുടങ്ങിയത്. 1954ല്‍ നാരായണന്‍ മൂസ് ചുമതലക്കാരനായി. കലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള ഒല്ലൂര്‍ വൈദ്യരത്ന ആയുര്‍വേദ കോളേജ്, നഴ്‌സിങ് കോളേജ്, മൂന്ന് ഔഷധ നിര്‍മാണശാല, കേന്ദ്ര ആയുഷ് വകുപ്പിന്റെ സെന്റർ ഓഫ് എക്‌സലൻസ് അംഗീകാരം നേടിയ ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്‌പിറ്റൽ, മൂന്ന് ആയുര്‍വേദ ഔഷധ ഫാക്ടറികള്‍,നിരവധി ഔഷധശാലകള്‍ തുടങ്ങിയവയുടെ സ്ഥാപകനുമാണ് നാരായണന്‍ മൂസ്. ആയിരത്തിലധികം പേര്‍ക്ക് ഈ സ്ഥാപനങ്ങള്‍ തൊഴില്‍ നല്‍കുന്നു.

നാരായണൻ മൂസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

സതി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഡോ. ഇ.ടി.നീലകണ്ഠന്‍ മൂസ്, അഷ്ടവൈദ്യന്‍ ഇ.ടി.പരമേശ്വരന്‍ മൂസ്, ഷൈലജ ഭവദാസന്‍.

നാരായണൻ മൂസ് തൃശൂർ ജില്ലയിലെ തലോർ ഉപസഭാംഗമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.