തൊടുപുഴ: ഒരു മാസത്തോളം നീളുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിന് വാഗമണില്‍ തുടക്കമായി.ഫെസ്റ്റ് ഫെബ്രുവരി 18 വരെ നീളും. പാരാഗ്ലൈഡിങ് ഫെസ്റ്റില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാരാഗ്ലൈഡര്‍മാര്‍ എത്തിച്ചേരും. സഞ്ചാരികള്‍ക്കും പറക്കാന്‍ അവസരം ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

3500 രൂപ നല്‍കിയാല്‍ 20 മിനിട്ട് നീളുന്ന പാരാഗ്ലൈഡിംഗ് ആസ്വദിക്കാന്‍ അവസരം ലഭിക്കും. പരിചയ സമ്പന്നരായ പാരാഗ്ലൈഡര്‍മാരുടെ ഒപ്പം ആകാശത്ത് പറന്നു നടക്കാനാണ് അവസരം ലഭിക്കുക. വാഗമണ്‍ കോലാഹലമേട്ടിനു സമീപമുള്ള സൂയിസൈഡ് പോയിന്റില്‍ നിന്നു തുടങ്ങി അവിടത്തന്നെ അവസാനിക്കുന്ന തരത്തിലാണ് പാരാഗ്ലൈഡിംഗ് ക്രമീകരിച്ചിരിക്കുന്നത്.

കാറ്റിന്റെ ഗതി മാറുകയോ കാലാവസ്ഥ മോശമാകുകയോ ചെയ്യുന്ന അവസരങ്ങളില്‍ അടിയന്തരസാഹചര്യങ്ങളില്‍ വാഗമണിനു താഴെയുള്ള പ്രദേശമായ കൂട്ടിക്കലില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്താനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം പേര്‍ ഇപ്പോള്‍ തന്നെ ഫ്‌ളൈയിങിന് ബുക്ക് ചെയ്തിട്ടുണ്ടെന്നും കൂടുലാളുകളെത്തുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ പറയുന്നു.

vagamon paragliding festival 2018

വാഗമണിലെ പാരാഗ്ലൈഡിങ് ഫെസ്റ്റിൽ നിന്ന്

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഫ്‌ളൈ വാഗമണും സംയുക്തമായാണ് അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. മേളയോടനുബന്ധിച്ച് 14 ഓളം അഡ്വഞ്ചര്‍ ഗെയിമുകളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എടിവി, ബര്‍മ ബ്രിഡ്ജ്, സ്‌കൈ സൈക്ലിങ്, വാലി ക്രോസിങ്, കമാന്‍ഡ് നെറ്റ് വിത്ത് ടയര്‍ ട്രാക്ക്, ട്രാംപോലിന്‍, ബംഗി ട്രാംപോലിന്‍, പെയിന്റ്‌ബോള്‍, ആര്‍ച്ചറി, ബോട്ടില്‍ ഷൂട്ടിങ്, ലാന്‍ഡ് സോര്‍ബിംഗ്, വാട്ടര്‍ സോര്‍ബ്, കിഡ്‌സ് സോണ്‍, കിഡ്‌സ് പെഡല്‍ ബോട്ട് എന്നിവയാണ് ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ഗെയിമുകള്‍. ഗെയിമിന് പ്രത്യേകം ഫീസുണ്ട്.

കോലാഹലമേടിനു സമീപമായുള്ള സൂയിസൈഡ് പോയിന്റിന് സമീപത്തായാണ് ഫെസ്റ്റ് നടക്കുന്നത്. 20 രൂപയാണ് പ്രവേശന ഫീസ്. ഫെബ്രുവരി 18-നാണ് ഫെസ്റ്റ് സമാപിക്കുക. ഇടുക്കി ജില്ലയെ അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഡിറ്റിപിസി അധികൃതര്‍ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ