കൊച്ചി: വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ബര്‍മ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ തീരുമാനം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമായിരിക്കും ഇനി അഡ്വഞ്ചര്‍ പാര്‍ക്കിലേയ്ക്കു വിനോദ സഞ്ചാരികളെ അനുവദിക്കുകയെന്ന് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജയന്‍ പി.വിജയന്‍ വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെയാണ് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിനുള്ളിലെ തൂക്കുപാലം തകര്‍ന്ന് 12 പേര്‍ക്കു പരുക്കേറ്റത്. അപകടത്തില്‍ മഞ്ഞപ്ര ചുരുളി സെന്റ് ജോര്‍ജ് പള്ളിയുടെ കീഴിലുള്ള സണ്‍ഡേ സ്‌കൂളിലെ അധ്യാപകരായ സിസ്റ്റര്‍ അനുഷ, സിസ്റ്റര്‍ ജ്യോതിസ്, റിയ ചെറിയാന്‍, ജോയ്സി വര്‍ഗീസ്, റിനി തോമസ്, ജിസ്മി പൗലോസ്, അല്‍ഫോന്‍സാ മാത്യു, ഷൈബി വര്‍ഗീസ്, മേരിക്കുട്ടി ജോയി, സൗമ്യ ബിബിന്‍, കുര്യന്‍ ബാബു, അമൃത ജോയി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഒരേ സമയം രണ്ടു പേര്‍ക്കു മാത്രം കയറാവുന്ന തൂക്കുപാലം 20 ഓളം പേര്‍ ഒരുമിച്ചു കയറിയതിനെത്തുടര്‍ന്നാണ് തകര്‍ന്നുവീണതെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ പറയുന്നു.

അപകടത്തില്‍ തകര്‍ന്ന റോപ് വേ

കേന്ദ്ര സര്‍ക്കാരിന്റെ ഇക്കോ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായുള്ള ഇക്കോലോഗിന്റെ ഭാഗമാണ് വാഗമണിലെ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി. ഫെബ്രുവരി 17-ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞിരുന്നുവെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഇത് സഞ്ചാരികള്‍ക്കു തുറന്നുകൊടുത്തിരുന്നില്ലെന്നാണ് ഡിടിപിസി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അപകടത്തില്‍ തകര്‍ന്ന റോപ് വേ

തകര്‍ന്നു വീണ ബര്‍മാപാലം കയര്‍ ഉപയോഗിച്ച് കെട്ടിവച്ചിരിക്കുകയായിരുന്നുവെന്നും മുന്നറിയിപ്പ് അവഗണിച്ചാണ് സഞ്ചാരികള്‍ പാലത്തില്‍ കയറിയതെന്നുമാണ് ടൂറിസം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഉദ്ഘാടനം നടത്തിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് വീണ്ടും അപകടമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അഡ്വഞ്ചര്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിയന്ത്രിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ