കൊച്ചി: മദ്യം കുടിക്കുന്നതിന്റെ മണം തനിക്കറിയില്ലെന്നും എന്നാല്‍ വാഹനാപകടം നടക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ ഒരു പ്രത്യേക മണം ഉണ്ടായിരുന്നു എന്നും അപകട സമയത്ത് കാറിലുണ്ടായിരുന്ന വഫ ഫിറോസ്. ശ്രീറാമിനെ ഉണ്ടായിരുന്നത് മദ്യത്തിന്റെ മണമാണോ എന്നറിയില്ലെന്നും റിപ്പോര്‍ട്ട് വരുമ്പോള്‍ വേണം അത് തെളിയാനെന്നും വഫ ഫിറോസ് പറഞ്ഞു. ‘ഏഷ്യാനെറ്റ് ന്യൂസ്’ ചാനലിലെ ‘പോയിന്റ് ബ്ലാങ്ക്’ എന്ന പരിപാടിയിലാണ് വഫ ഫിറോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
താന്‍ മോഡലാണെന്നും ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതെല്ലാം അവാസ്തവമാണെന്നും വഫ പറഞ്ഞു. ദമാമില്‍ പിതാവിനും മാതാവിനും ഒരു ഷോപ്പ് ഉണ്ട്. അല്ലാതെ മറ്റ് ബിസിനസ് സംരഭങ്ങളൊന്നും ഇല്ല. മോഡലാണെന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്. ഒരിക്കല്‍ മാത്രമാണ് മോഡലിങ് നടത്തിയിട്ടുള്ളത്. ബഹ്‌റൈനില്‍ വച്ച് ഒരു പരസ്യത്തിലാണ് മോഡലിങ് നടത്തിയിട്ടുള്ളത്. അല്ലാതെ മോഡലിങുമായി മറ്റ് ബന്ധങ്ങളൊന്നുമില്ല. നിരവധി ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന കാര്യവും അടിസ്ഥാന രഹിതമാണ്. മെറിൻ ഐപിഎസുമായും ശ്രീറാം ഐഎഎസുമായും മാത്രമേ ബന്ധമുള്ളൂ എന്നു വഫ പറഞ്ഞു.
ശ്രീറാമിന്റെ ഒരു ടിവി ഷോ കണ്ടാണ് സുഹൃത്ത് ബന്ധം ആരംഭിച്ചത്. ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. അതിനുശേഷം നേരില്‍ കാണാമെന്ന് ശ്രീറാം തന്നെ പറഞ്ഞു. ശ്രീറാമിന്റെ ഓഫീസിലെത്തി കണ്ടിട്ടുണ്ട്. അതിനു ശേഷം താന്‍ വിദേശത്തേക്ക് പോയി. പിന്നീട് ശ്രീറാമിനെ നേരില്‍ കാണുന്നത് അപകടം സംഭവിച്ച ദിവസമാണ്. ശ്രീറാം നല്ല വ്യക്തിയാണെന്നാണ് തോന്നിയിട്ടുള്ളത്. അപകടം സംഭവിക്കുന്ന ദിവസം വാട്‌സ് ആപ് സന്ദേശം വഴിയാണ് തന്നെ കവടിയാര്‍ വന്ന് പിക്ക് ചെയ്യണമെന്ന് ശ്രീറാം അറിയിച്ചത്. ഒരു മണിയ്ക്ക് തന്നെ കവടിയാര്‍ എത്തി ശ്രീറാമിനെ പിക്ക് ചെയ്തു. പിന്നീടാണ് ശ്രീറാം ഡ്രൈവിങ് സീറ്റിലേക്ക് മാറിയതെന്നും വഫ പറഞ്ഞു.
Read Also: വിട്ടൊഴിയാത്ത വിവാദങ്ങൾ: ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ
മൊഴിയില്‍ കള്ളം പറഞ്ഞിട്ടില്ല. രാത്രി ആയതിനാല്‍ സാധാരണ ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ വേഗതയിലാണ് ശ്രീറാം വാഹനം ഓടിച്ചത്. സ്പീഡ് ഉണ്ടായിരുന്നു. കയ്യില്‍ കണ്‍ട്രോള്‍ നില്‍ക്കുമെന്ന് ശ്രീറാമിന് തോന്നി കാണും. എന്നാല്‍, ബ്രേക്ക് കിട്ടി കാണില്ല. അല്ലാതെ ആരും മനപൂര്‍വ്വം ചെയ്യില്ലല്ലോ എന്നും വഫ ചോദിച്ചു.
മദ്യത്തിന്റെ മണം അറിയില്ല. വീട്ടില്‍ ആരും മദ്യപിക്കുന്നവരല്ല. എന്നാല്‍, ശ്രീറാമിനെ ഒരു പ്രത്യേക മണം ഉണ്ടായിരുന്നു. അത് എന്തിന്റേതാണെന്ന് അറിയില്ല. റിപ്പോര്‍ട്ട് വന്നാലേ അക്കാര്യം അറിയൂ. അപകടം നടന്ന ഉടനെ തന്നെ ശ്രീറാം താനും കാറില്‍ നിന്ന് ചാടി പുറത്തേക്ക് ഇറങ്ങി. ബഷീറിനെ രക്ഷിക്കാന്‍ പരാമവധി ശ്രമിച്ചു. നിരവധി ആളുകളോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. അഞ്ച് മിനിറ്റിനകം പൊലീസും സ്ഥലത്തെത്തിയിരുന്നു. ആംബുലന്‍സ് എത്തിയാലേ കൊണ്ടുപോകാന്‍ സാധിക്കൂ എന്ന് ആളുകള്‍ പറഞ്ഞു. പിന്നീട് ആംബുലന്‍സ് വന്ന ശേഷമാണ് ബഷീറിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വഫ ഫിറോസ് പറഞ്ഞു.
അതേസമയം, മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കി മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചു. ഇന്നലെയാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കേരളം വിട്ടുപോകരുത് എന്ന വ്യവസ്ഥയോടെയാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹെെക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് തന്നെ അപ്പീൽ നൽകിയേക്കും.