കൊച്ചി: വടയമ്പാടിയിലേത് വെറും പ്രാദേശിക പ്രശ്നമല്ല എന്നും അതൊരു ജനാധിപത്യ പ്രശ്നമാണ് എന്നും ദലിത് ചിന്തകനായ സണ്ണി എം കപിക്കാട്. ജാതി മേധാവിത്വത്തെ പ്രതിരോധിക്കുക എന്നത് ജനാധിപത്യത്തിന്‍റെ മൗലികമായ കടമയാണ്. ഇത് കേരളം ഏറ്റെടുക്കണം എന്ന് പറഞ്ഞ സണ്ണി എം കപിക്കാട്. പൊലീസ് ദലിതര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത് ആസൂത്രിതമായാണ് എന്നും സണ്ണി ആരോപിച്ചു. വടയമ്പാടില്‍ നടക്കാനിരുന്ന ദലിത് ആത്മാഭിമാന കണ്‍വെന്‍ഷന് നേരെ നടന്ന പൊലീസ്- സംഘപരിവാര്‍ അക്രമത്തിന്‍റെ പാശ്ചാത്തലത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഭജനമഠത്തില്‍ പോയാല്‍ സംഘര്‍ഷമുണ്ടാകും എന്ന വാര്‍ത്തയാണ് പൊലീസ് പുറത്തുവിടുന്നത്. ഭജനമഠത്തില്‍ പോയാല്‍ അവിടെ യാതൊരു സംഘര്‍ഷവും ഉണ്ടാകില്ല. ഇതുപോലെ തന്നെ ആള്‍ക്കാര്‍ അവിടെ കൂടി സമരം നടത്തി പിരിയുമായിരുന്നു. എന്നാല്‍ പൊലീസ് പ്രച്ചരിപ്പിച്ചൊരു കാര്യം, പൊലീസ് മുകളിലേക്ക് കൊടുത്ത റിപ്പോര്‍ട്ടിലൊക്കെ ഭജനമഠത്തില്‍ സംഘര്‍ഷമാണ് അവിടെ ഇത് അനുവദിക്കാന്‍ പാടില്ല എന്നൊക്കെയാണ്. അതുകൊണ്ടാണ് കലക്ടര്‍ ഇത് നിരോധിക്കുന്നത്. ഇവിടെ 144 ഒന്നും പ്രഖ്യാപിച്ചിട്ടില്ലല്ലോ. ഇവിടെ താഴെ ചൂണ്ടികവലയില്‍ സമാധാനപരമായി സമ്മേളനം നടത്താനാണ് രാവിലെ മുതല്‍ ആളുകള്‍ ഇവിടെ എത്തിക്കൊണ്ടിരുന്നത്. അവരെ ആര്‍എസ്എസ്സുകാര്‍, സംഘപരിവാര്‍ ശക്തികള്‍ ഒരുവശത്ത് നിന്നുകൊണ്ട് അവർക്കെതിരെ  ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്ത പൊലീസ് സമാധാനപരമായി കൂടിനിന്നവരെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി അറസ്റ്റുചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്യുന്നു.

ഇതിലൊരു പ്രശ്നമെന്താണ് എന്ന് ചോദിച്ചാല്‍ ഇവിടെ വന്നുകൂടിയിരിക്കുന്ന മനുഷ്യരുടെ ആത്മവിശ്വാസം ചോര്‍ത്തികളയാന്‍ വേണ്ടി നടത്തിയ ആസൂത്രിതമായൊരു നീക്കമാണ്. എന്നാലതിനെ വിജയകരമായി അതിജീവിച്ചുകൊണ്ട് ഒരാള്‍ പോലും പിരിഞ്ഞുപോകാതെ മുഴുവനാള്‍ക്കാരും ഇവിടെ എത്തികൊണ്ടിരിക്കുന്ന കാഴ്ചയ്ക്കാണ് വടമ്പാടി ഇവിടെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.” സണ്ണി എം കപിക്കാട് പറഞ്ഞു. കാലത്ത് പത്ത് മണിയോടെയാണ് വടയമ്പാടിയില്‍ നിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള ചൂണ്ടിക്കവലയില്‍ ദലിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ നടത്താനായി വിവിധ സംഘടനാ പ്രതിനിധികള്‍ എത്തിച്ചേരുന്നത്. പതിനൊന്ന് മണിയോടെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയവര്‍ മൂന്ന് മണിക്ക് ശേഷം ചൂണ്ടിക്കവലയില്‍ വീണ്ടും സംഘടിക്കുകയും കണ്‍വെന്‍ഷന്‍ നടത്തുകയും ചെയ്തു.

സണ്ണി എം കപിക്കാറുമായുള്ള അഭിമുഖം പൂര്‍ണരൂപം

“ഇന്ന് കേരളത്തിലുള്ള എല്ലാ ജില്ലയില്‍ നിന്നുമുള്ള ദലിത് ആക്റ്റിവിസ്റ്റുകളും ഇവിടെ എത്തികൊണ്ടിരിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത്. കേരളത്തിലെ ദലിത് സമൂഹം, കേരളത്തിലെ ജനാധിപത്യവാദികള്‍ ഈ സമരം ഏറ്റെടുത്തുകഴിഞ്ഞു എന്നാണ്. ഇതൊരു ആത്മാഭിമാന പ്രശ്നമായി കേരളത്തിലെ ദലിതര്‍ക്ക് മനസ്സിലായി തുടങ്ങി എന്നാണ് ഈ ആള്‍കൂട്ടം നമ്മളോട് പറയുന്നത്. ഈ ആത്മാഭിമാന പ്രശ്നത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ജാതി മേധാവികളുടെ അതിക്രമങ്ങളെ പ്രതിരോധിക്കുക എന്നത് നമ്മുടെ ജനാധിപത്യ കടമയാണ്. ഇത് കേരളം ഏറ്റെടുക്കണം. കേവലമായിട്ട് ഇവിടെയുള്ള ചില എന്‍എസ്എസ്സിന്‍റെ പ്രശ്നമല്ലിത് ജാതി മേധാവികളെ പ്രതിരോധിക്കുക എന്നത് ജനാധിപത്യത്തിന്‍റെ മൗലികമായ കടമയാണ്. ജനാധിപത്യവാദികളത് ചെയ്യണം. അത് ചെയ്യണം എന്ന് തന്നെയാണ് ഈ കണ്‍വെന്‍ഷന്‍ കേരളത്തോട് പറയുന്നത്. ഇത് കേവലം പ്രാദേശികപ്രശ്നമായി കാണുകയും പുറത്തുനിന്നുമുള്ളവര്‍ ഇവിടെ വരേണ്ടെന്നു പറയാനും ഇവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്. ഇന്ത്യയിലെവിടെ അഴിമതി ഉണ്ടെങ്കിലും  അനീതി ഉണ്ടെങ്കിലും അവിടെ  പോകുവാനും അത് ചോദ്യം ചെയ്യാനുമുള്ള അവകാശം ഇവിടെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ട്.” എന്ന് പറഞ്ഞ സണ്ണി എം കപിക്കാടു കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ നേതാക്കള്‍ ഇഎംഎസ്സും കൃഷ്ണപിള്ളയുമൊക്കെ കണ്ണൂരോ പാലക്കാടോ മാത്രമേ പ്രതികരിച്ചിട്ടുള്ളുവോ എന്നും ചോദിച്ചു.

“അവര്‍ ഇന്ത്യയെമ്പാടും പ്രവര്‍ത്തിച്ചില്ലേ ? ദലിതര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം ലോക്കൽ  ആയിരിക്കണം. പ്രത്യേകിച്ച് പുലയനായിരിക്കണം എന്നൊക്കെ പറയാന്‍ ഇവിടത്തെ സിഐക്ക് ആരാണ് അധികാരം കൊടുത്തത്? അതാണ്‌ നമ്മള്‍ ചോദിക്കുന്നത്. അങ്ങനെ ജാതീയമായി അധിക്ഷേപിക്കുകയും ഈ നീക്കത്തെ, അതിന്‍റെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്ത സന്ദര്‍ഭത്തില്‍ അതിനെ അതിജീവിച്ചുകൊണ്ടാണ് ഇവിടെ കണ്‍വെന്‍ഷന്‍ നടന്നത്. ഈ കണ്‍വെന്‍ഷന്‍ ഈ സമരത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രഖ്യാപനം നടത്തും.”

ഇന്ത്യയില്‍ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ കമ്മ്യൂണിസ്റ്റുകള്‍ അംബേദ്‌കറൈറ്റുകളും യോജിക്കണം എന്നൊക്കെ ആവശ്യമുയരുന്നില്ലേ എന്നാരാഞ്ഞപ്പോള്‍ ‘അവര്‍ ഇടതുപക്ഷക്കാരുമല്ല’ എന്നായിരുന്നു സണ്ണി എം കപിക്കാടിന്‍റെ മറുപടി. സംഘടിത സമുദായങ്ങളെ കൂടെ നിര്‍ത്തുക എന്നത് മാത്രമാണ് അവരുടെ പുതിയ രാഷ്ട്രീയം എന്നും സണ്ണി എം കപിക്കാട് കുറ്റപ്പെടുത്തി.

” അങ്ങനെയൊക്കെ പറയുമെങ്കിലും അവര്‍ക്ക് ഇതിലൊന്നും ഒരു താത്പര്യമുള്ളവരല്ല. അവരെ സംബന്ധിച്ചടത്തോലം ഈ ഭരണത്തെ എങ്ങനെയെങ്കിലും മുന്നോട്ടുകൊണ്ടുപോകുക ഈ സംഘടിത സമുദായങ്ങളെ കൂടെ നിര്‍ത്തുക എന്നത് മാത്രമാണ് അവരുടെ പുതിയ രാഷ്ട്രീയം” .അതിന്‍റെ ഭാഗമായിട്ടാണ് ദലിതര്‍ക്കെതിരെ കടുത്ത ആക്രമം നടക്കുമ്പോഴും അതിനെതിരെ ഒരു നടപടിയും എടുക്കാന്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ തയ്യാറാകാത്തത്. കാരണം, അവര്‍ ലക്ഷ്യം വെക്കുന്നത് സവര്‍ണ സംഘടിത വോട്ട് ബാങ്കാണ്. അതിനാണ് ദേവസ്വംബോര്‍ഡിലവര്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. ഇവരും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നാണ് കേരളത്തിലെ ദലിതര്‍ പ്രഖ്യാപിക്കുന്നത്. ദലിതരെ സംബന്ധിച്ചടുത്തോളം ഇടതുപക്ഷ സര്‍ക്കാരും മോദി സര്‍ക്കാരും തമ്മില്‍ ഉള്ളടക്കത്തില്‍ യാതൊരു വ്യത്യാസവുമില്ല. . പിണറായി വിജയന്‍ ഇവിടെ ഭരിക്കുന്നു എന്നതുകൊണ്ട്‌ ദലിതര്‍ക്ക് പ്രത്യേകിച്ച് യാതൊരു വ്യത്യാസവുമില്ല എന്ന് പറഞ്ഞ ദലിത് ചിന്തകന്‍, അതിന്‍റെ സൂചനയാണ് സാമ്പത്തിക സംവരണം കൊണ്ടുവരുന്നത് പോലുള്ള കാര്യങ്ങള്‍ എന്നും ആരോപിച്ചു.

കേരളത്തിലെ ദലിത് സമരചരിത്രത്തില്‍ വടയമ്പാടി വളരെ നിര്‍ണായകമായൊരു പങ്കുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “വളരെ ആസൂത്രിതമായി എന്‍എസ്എസ് സ്വന്തമാക്കിയതാണ്‌ ഈ ഭൂമി. കുറെക്കാലം അത് രഹസ്യമായി വെച്ച ശേഷം കഴിഞ്ഞ വര്‍ഷമാണ്‌ പതിനേഴ്‌ വര്‍ഷത്തെ കരം അടക്കുന്നത്. ഇത് തട്ടിപ്പാണ്. അവര് മതിലുകെട്ടുമ്പോള്‍ വളരെ വ്യക്തമായി പറഞ്ഞത് കണ്ട പറയനും പുലയനുമൊക്കെ കയറി ഇറങ്ങാനുള്ളതല്ല ഈ ഭൂമി എന്നാണ്. അത് ജാതീയമായ അധിക്ഷേപമാണ്‌. രണ്ടാമത്തെ കാര്യം ഒരു വസ്തു സംരക്ഷിക്കാനുള്ള മതിലാണ് കെട്ടുന്നത് എങ്കില്‍ അതിന്‍റെ ഉയരം നമുക്ക് ഊഹിക്കാനേ ഉള്ളൂ. ഇതിന് എട്ടടിയിലധികം ഉയരമുണ്ടായിരുന്നു. വളരെ വ്യക്തമായും ഇത് ജാതിമതിലാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജാതി ഒഴിഞ്ഞു പോയിരിക്കുന്നു എന്ന് പറയുന്ന കേരളത്തില്‍ ഉയര്‍ന്നു വന്ന മതില്‍ പൊളിച്ചുകളയാന്‍ വടയമ്പാടി നിവാസികള്‍ക്ക് കഴിഞ്ഞു എന്നത് ചരിത്രത്തിലെ നിര്‍ണായകമായൊരു മുന്നേറ്റമായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം അതൊരു ആത്മാഭിമാനത്തിന്‍റെ പ്രശ്നമായിട്ടത് ഏറ്റെടുക്കുകയും അത് കേരളത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. ഇന്ന് കേരളത്തിലെമ്പാടും ഒരാത്മാഭിമാന പ്രശ്നമായി തന്നെ വടയമ്പാടി ഈ സമൂഹം ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഇനിയുള്ള ദലിതരുടെ മുന്നേറ്റങ്ങളില്‍ ഈ വടയമ്പാടി സമരമെന്നത് വളരെ നിര്‍ണായകമായിട്ടുള്ള കാര്യമായി എഴുതി ചേര്‍ക്കപ്പെടും എന്നത് തര്‍ക്കമറ്റൊരു കാര്യമാണ്. ” സണ്ണി എം കപിക്കാട് പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ