scorecardresearch
Latest News

വടയമ്പാടി ഭൂസമരം : പൊലീസ് അതിക്രമത്തിനെതിരെ ദലിത് പ്രക്ഷോഭം ശക്തമാകുന്നു

“കാളനും കൂളനും കയറിയറങ്ങിയാല്‍ ദേവിക്ക് തീണ്ടാലാവും” എന്നാണ് ദളിതരായ അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നിഷേധിച്ചുകൊണ്ട് ഭജനമഠം പറഞ്ഞതെന്ന് കോളനി നിവാസികള്‍ ആരോപിച്ചു.

കൊച്ചി : മൂവാറ്റുപ്പുഴയ്ക്ക് അടുത്ത് പുത്തൻകുരിശ് വടയമ്പാടിയിൽ പൊതുസ്ഥലം സംരക്ഷിക്കാൻ സത്യാഗ്രഹം നടത്തിവരുന്ന സമരസമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും സമരപന്തൽ തകർക്കുകയും ചെയ്ത സംഭവത്തിനെതിരായുയര്‍ന്ന ദലിത്‌ പ്രക്ഷോഭം ശക്തമാകുന്നു.

ദലിത്‌ ഭൂ അവകാശ പ്രവർത്തകരെയും രണ്ട് മാധ്യമ പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും, മാവോയിസ്റ്റുകളെന്ന് ആരോപിച്ച് ജയിലിലടക്കുകയും ചെയ്തതിനെതിരെ ഫെബ്രുവരി നാലിന്  ഞായറാഴ്ച പത്തിന് എറണാകുളം വടയമ്പാടിയിൽ ‘ആത്മാഭിമാന കൺവെൻഷൻ’ സംഘടിപ്പിക്കും എന്ന് വിവിധ ദലിത് സംഘടനകള്‍ അറിയിച്ചു.

1969ല്‍ രൂപീകരിച്ച മൂന്നു ദലിത്‌ കോളനികള്‍ ആണ് വടയമ്പാടി പ്രദേശത്തുള്ളത്. ഇപ്പോള്‍ പ്രശ്നമായ ഒരു ഏക്കര്‍ ഭൂമി ഈ മൂന്നു കോളനികളും കാലങ്ങളായി പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്ന സ്ഥലമാണ്. പ്രദേശത്തെ എന്‍ എസ് എസ് കരയോഗം ഇതിലെ 95 സെന്‍റ ഭൂമിക്ക് പട്ടയം കൈപ്പറ്റുകയും ചുറ്റുമതില്‍ ഉയര്‍ത്തുകയും ചെയ്തതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. ഏപ്രില്‍ 14ന് ഡോ. അംബേദ്കർ ദിനത്തിൽ സംഘടിച്ച ദലിതര്‍ ആത്മാഭിമാനറാലിയുടെ ഭാഗമായി ജാതിമതിൽ പൊളിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളായ ഒരുപാട് പേര്‍ക്കെതിരെ പൊലീസ് കേസേടുത്തിരുന്നു.

അംബേദ്‌കര്‍ ജയന്തി ദിനത്തില്‍ നടന്ന ആത്മാഭിമാനറാലിയില്‍ നിന്ന്

എന്‍എസ്എസ്സിന് കീഴിലുള്ള ഭജനമഠം ജാതിയാക്ഷേപങ്ങള്‍ നടത്തുന്നത് പതിവാണെന്ന് ദലിതര്‍ പറയുന്നു. “കാളനും കൂളനും കയറിയറങ്ങിയാല്‍ ദേവിക്ക് തീണ്ടാലാവും” എന്നാണ് ദലിതരായ അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നിഷേധിച്ചുകൊണ്ട് മഠം പറഞ്ഞതെന്ന് കോളനി നിവാസികള്‍ ആരോപിച്ചു.

ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ സമാധാനപരമായി സത്യാഗ്രഹസമരം തുടരുകയും മൈതാനത്തെ പൊതുസ്ഥലമാണെന്ന രീതിയില്‍ തദ്ദേശവാസികളായ ദലിതരും നാട്ടുകാരും ഉപയോഗിച്ചുവരികയുമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവിടത്തെ സമരപന്തല്‍ പൊളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് നോട്ടീസ് നല്‍കുന്നത്. 21നു തിങ്കളാഴ്ച രാവിലെ 5.45 ഓടെ സ്ഥലത്തെത്തിയ മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സമരപന്തല്‍ പൊളിച്ചുനീക്കുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എൻ.എസ്സ്.എസ്സിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ഉത്സവം നടക്കുകയാണെന്ന കാരണം പറഞ്ഞാണ് പൊലീസ് മൈതാനത്തിന്റെ സമീപം കെട്ടിയ സമരപന്തൽ പൊളിച്ചുമാറ്റിയത് എന്ന് സമരസമിതി ആരോപിച്ചു. അതിനിടയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും മാവോയിസ്റ്റുകൾ എന്ന കുറ്റം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. വയമ്പാടിയില്‍ നടന്ന പൊലീസ് നടപടിക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാകുന്നു എന്നതിന്‍റെ സൂചനയാണ് ദലിത്‌ നേതാവും ഗുജറാത്തിലെ വഡാഗാമില്‍ നിന്നുമുള്ള എംഎല്‍എയുമായ ജിഗ്നേഷ് മേവാനി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം. പൊലീസിന്റെയും സർക്കാരിന്റെയും നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതികരിച്ച ജിഗ്നേഷ് മേവാനി അറസ്റ്റിലായവരെ നിരുപാധികം വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

“കേന്ദ്രം ഭരിക്കുന്ന ആർഎസ്എസ് നയിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനാധിപത്യ മൂല്യങ്ങളും സാമൂഹിക നീതിയും ഭരണഘടനാവകാശങ്ങളും അഭൂതപൂർവ്വമായ കടന്നാക്രമണത്തിന് വിധേയമാകുന്ന കാലമാണിത്. അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ എതിർക്കാനും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുളള പോരാട്ടത്തിന് ഈ കാലത്ത് മറ്റ് ശക്തികൾ ഉണ്ടാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ കേരള സർക്കാരിന്റെ വടയമ്പാടിയിലെ നടപടി അത്തരം പ്രതീക്ഷകളോടുളള തികഞ്ഞ വഞ്ചനയാണ്” ജിഗ്നേഷ് മേവാനി പറഞ്ഞു. ബ്രാഹ്മണിക്കലും അതോറിട്ടേറിയനുമായ മാനസികാവസ്ഥയയുടെ ദുർഗന്ധമാണ് കേരള സർക്കാരിന്റെ ഈ നടപടി എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എൻ.എസ്.എസ് സ്വാധീനമുപയോഗിച്ച് ജില്ലാ പോലീസ് നടത്തുന്ന പോലീസ് അതിക്രമത്തിനെതിരെ സംസ്ഥാനതലത്തിൽ ദലിത് ആത്മാഭിമാന പ്രക്ഷോഭം ആരംഭിക്കാൻ സമരസമിതി തീരുമാനിച്ചിരിക്കുകയാണ്. കേരളാ ദലിത് മഹാസഭ, ദലിത് ഭൂ അവകാശ സമരമുന്നണി, സമരസഹായ സമിതി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കെവിഎംഎസ് എന്നീ സംഘടനകള്‍ സംയുക്തമായാണ് ദലിത് ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

ജില്ലാ ഭരണകൂടം ഇടപെട്ട് നിയമാനുസൃതം പ്രശ്നപരിഹാരത്തിലേക്ക് നീങ്ങികൊണ്ടിരുന്നപ്പോൾ പൊലീസ് ഭീകരത സൃഷ്ടിച്ച് പൊതുസ്ഥലം എൻ.എസ്.എസ്. എന്ന സമുദായ സംഘടന കൈയടക്കാൻ  നടത്തുന്ന നീക്കം ജനാധിപത്യവിരുദ്ധമാണ് എന്ന് സമരസമിതി ആരോപിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കാനും, കള്ളകേസുകൾ പിൻവലിക്കാനും, നിയമവിരുദ്ധമായി നൽകിയ പട്ടയം റദ്ദാക്കാനും സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം. പൊലീസിനെ പിൻവലിച്ച് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ ആഭ്യന്തരവകുപ്പ് ഉടനടി ഇടപെടുകയും വേണം എന്നും സമരസമിതി ആവശ്യപ്പെട്ടു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vadayambadi police brutality dalits to organise statewide protest