പാലക്കാട്: വടക്കാഞ്ചേരി ബസ് അപകടത്തിൽ അറസ്റ്റിലായ ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുക്കും. ആലത്തൂർ ഡിവൈഎസ്പിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാൻ രക്തസാംപിൾ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് ലാബിലേക്കാണ് സാംപിൾ അയച്ചത്.
അതിനിടെ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി ആരംഭിച്ചെന്ന് പാലക്കാട് എൻഫോഴ്സ്മെൻറ് ആർടിഒ അറിയിച്ചു. ഇന്ന് ഉച്ചയോടെ സ്ഥലം സന്ദർശിച്ച ശേഷം വിശദ റിപ്പോർട്ട് തയ്യാറാക്കുമെന്ന് ആര്‍ടിഒ എം.കെ.ജയേഷ് കുമാർ അറിയിച്ചു.
വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ ജീവനെടുത്ത അപകടത്തിന്റെ കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗമെന്ന് മോട്ടോർ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. കാറിനെയും കെഎസ്ആർടിസി ബസിനെയും ഒരുമിച്ച് ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു. ആദ്യം ഇടത് വശത്ത് കൂടി കാറിനെ ഓവർ ടേക്ക് ചെയ്തു. ഇതോടെ കെഎസ്ആർടിസി ബസിന് പുറകിലെത്തി. അതിനുശേഷം ബ്രേക്ക് ചവിട്ടാതെ കാറിനും കെഎസ്ആർടിസി ബസിനും ഇടയിലൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് കെഎസ്ആർടിസിയുടെ പിൻവശത്ത് ഇടിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ വേഗ പൂട്ടിൽ കൃത്രിമത്വം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമത്വം കണ്ടെത്തിയത്. അതിനാൽ ബസിന്റെ ഉടമയ്ക്കെതിരെയും കേസെടുക്കണമെന്ന് ഗതാഗത കമ്മീഷണർ മന്ത്രി ആന്റണി രാജുവിന് നൽകിയ റിപ്പോർട്ടിലുണ്ട്.
അതിനിടെ, അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് ആദ്യം പൊലീസ് കേസെടുത്തത്. ജോമോനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്യും. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ ജോമോനെ കൊല്ലം ചവറയില്‍ വച്ചാണ് പിടികൂടിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേയാണ് ഇയാളെ ചവറ പൊലീസ് പിടികൂടിയത്.
എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രക്കായി പോയ വിദ്യാര്‍ഥികളുടെ ബസാണ് കെഎസ്ആര്‍ടിസി ബസിന്റെ പുറകിലിടിച്ച് അപകടത്തില്‍പ്പെട്ടത്. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമടക്കം ഒന്‍പത് പേരാണ് മരിച്ചത്.
എല്‍ന ജോസ്, ക്രിസ്വിന്റ്, ദിയ രാജേഷ്, അഞ്ജന അജിത്ത്, ഇമ്മാനുവല്‍ എന്നിവരാണ് മരണപ്പെട്ട വിദ്യാര്‍ഥികള്‍. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ്, കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ അനൂപ് ദീപു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അധ്യാപകനായ വിഷ്ണുവാണ് മറ്റൊരാള്‍.