കൊച്ചി: വടക്കാഞ്ചേരി ഭവനപദ്ധതിയിൽ ആർക്കും ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഭൂമിയിൽ നിർമാണത്തിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും പണി പൂർത്തിയായിക്കഴിഞ്ഞാൽ ഗുണഭോക്താക്കൾക്ക് വീടുകൾ അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി. പദ്ധതിയിൽ ലൈഫ് മിഷനെതിരായ അന്വേഷണ വിലക്ക് നീക്കണമെന്ന സിബിഐയുടെ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ഹർജി വിധി പറയാനായി മാറ്റി.
പാവപ്പെട്ടവർക്ക് വീടുനൽകുന്ന പദ്ധതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള അനിൽ അക്കര എംഎൽഎയുടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാർ ബോധിപ്പിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണന്നും ഗുഡാലോചന ഉണ്ടെന്നും സിബിഐ ആവർത്തിച്ചു. വിദേശ സഹായം ലഭ്യമാക്കാനും കമ്മീഷൻ തട്ടിയെടുക്കാനും ശിവശങ്കറും സ്വപ്നയും അടക്കമുള്ള പ്രതികൾ ശ്രമിച്ചതിന് തെളിവുണ്ടന്നും ശ്രമിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടന്നും സിബിഐ വ്യക്തമാക്കി.
Also Read: പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയിൽ കുരുക്ക് മുറുക്കി സിബിഐ
വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയിൽ നിന്ന് ലൈഫ് മിഷനെ ഒഴിവാക്കി യൂണിടാക്കുമായി ധാരണാപത്രം ഒപ്പിട്ടത് കമ്മീഷൻ തട്ടാനാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ലൈഫ് മിഷനുമായി കരാർ ഉണ്ടാക്കിയിരുന്നെങ്കിൽ നടപടിക്രമം അനുസരിച്ച് പദ്ധതി നടത്തിപ്പിന് ഓപ്പൺ ടെൻഡർ വിളിക്കണമായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.
Also Read: വടക്കാഞ്ചേരി ലൈഫ് പദ്ധതി: എവിടെയോ എന്തോ ദുരുഹതയുണ്ടെന്ന് ഹൈക്കോടതി
കോഴ ഇടപാടിലെ ഗുഢാലോചനയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും ശിവശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥരുടേയും സ്വപ്ന സുരേഷ് അടക്കമുള്ളവരുടേയും പങ്കാളിത്തം അന്വേഷിക്കേണ്ടതുണ്ടെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.
പദ്ധതി നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന സർക്കാർ ഏജൻസി ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാക്കിന് നൽകിയതിൽ ഗൂഢാലോചനയുണ്ട്. ലൈഫ് മിഷൻ വിദേശ സംഭാവനാ നിയന്ത്രണ ചട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന വാദം ശരിയല്ലെന്നും സെക്ഷൻ 35(3) ന്റെ പരിധിയിൽ വരില്ലെന്ന വാദം കണക്കിലെടുത്താലും സെക്ഷൻ 35 (11)ന്റെ പരിധിയിൽ വരുമെന്നും സിബിഐ വ്യക്തമാക്കി.