പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിന്റെ യഥാർത്ഥ കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അമിതവേഗമെന്ന് പാലക്കാട് എൻഫോഴ്സ്മെന്റ് ആര്‍ടിഒ. കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്ത് പിഴവില്ല. വലതുഭാഗത്ത് കൂടി പോകുകയായിരുന്ന കാറിനെ ഇടതുഭാഗത്ത് കൂടി മറികടന്ന് കെഎസ്ആർടിസി ബസിന് മുന്നിലെത്താനാൻ ടൂറിസ്റ്റ് ബസ് ഡ്രൈവർ ശ്രമിച്ചു. ഇതോടെ പൂർണമായും നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറിയെന്ന് ആർടിഒ മനോരമ ന്യൂസിനോട് പറഞ്ഞു. കെഎസ്ആർടിസി ബസ് പെട്ടെന്ന് നിര്‍ത്തിയെന്ന ഡ്രൈവറുടെ വാദം യാഥാര്‍ഥ്യമല്ലെന്നും ആർടിഒ പറഞ്ഞു.
അപകടമുണ്ടായ സ്ഥലത്തെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം കടന്നുപോയ പാത പ്രത്യേകം അടയാളപ്പെടുത്തിയാണ് ഡ്രൈവറുടെ അമിതവേഗം വാഹനവകുപ്പ് സ്ഥിരീകരിച്ചത്. കെഎസ്ആര്‍ടിസി ബസ് കൃത്യമായി ഇടതുഭാഗത്ത് കൂടി കടന്നു വരുന്നതും പിന്നാലെ ടൂറിസ്റ്റ് ബസ് അമിതവേഗതയിൽ വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദമായ റിപ്പോർട്ട് അടുത്തദിവസം ഗതാഗത കമ്മീഷണർക്ക് കൈമാറും.
എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രക്കായി പോയ വിദ്യാര്‍ഥികളുടെ ബസാണ് കെഎസ്ആര്‍ടിസി ബസിന്റെ പുറകിലിടിച്ച് അപകടത്തില്‍പ്പെട്ടത്. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമടക്കം ഒന്‍പത് പേരാണ് മരിച്ചത്.
വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ ജീവനെടുത്ത അപകടത്തിന്റെ കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. കാറിനെയും കെഎസ്ആർടിസി ബസിനെയും ഒരുമിച്ച് ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു. ആദ്യം ഇടത് വശത്ത് കൂടി കാറിനെ ഓവർ ടേക്ക് ചെയ്തു. ഇതോടെ കെഎസ്ആർടിസി ബസിന് പുറകിലെത്തി. അതിനുശേഷം ബ്രേക്ക് ചവിട്ടാതെ കാറിനും കെഎസ്ആർടിസി ബസിനും ഇടയിലൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് കെഎസ്ആർടിസിയുടെ പിൻവശത്ത് ഇടിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.