പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് വിനോദയാത്ര ആരംഭിച്ച സമയം മുതല്‍ അമിതവേഗതയിലായിരുന്നെന്ന് വിദ്യാര്‍ഥികള്‍. ഇക്കാര്യം ഡ്രൈവറോഡ് സൂചിപ്പിച്ചപ്പോള്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥിയായ ഏബല്‍ ഫിലിപ്പ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. “അപകടത്തിന് ശേഷം വണ്ടിയില്‍ നിന്ന് എങ്ങനെയൊക്കെയോ ചാടി ഇറങ്ങി. ഗുരുതര പരിക്കുള്ളവരെയൊക്കെ ആദ്യം തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി,” വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു.
വളരെ പെട്ടെന്നായിരുന്നു അപകടം നടന്നതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറായ സുമേഷും വ്യക്തമാക്കി. “തൃശൂരില്‍ നിന്ന് തന്നെ ബസില്‍ നല്ല ലോഡുണ്ടായിരുന്നു. എല്ലാവരേയും ഇറക്കി നിര്‍ത്തിയാണ് പോയത്. മണിക്കൂറില്‍ ഒരു 40 കിലോ മീറ്റര്‍ വേഗതയുണ്ടായിരിക്കും. യാത്രക്കാരോട് ചോദിച്ചാല്‍ അറിയാം. പെട്ടെന്നായിരുന്നു എല്ലാം, ഇടിക്ക് പിന്നാലെ പുകയുമുണ്ടായിരുന്നു. റോഡിന്റെ സൈഡില്‍ വലിയ കൊക്കയാണ്. എന്റെ കയ്യും കാലും വിറച്ചിട്ടും എങ്ങനെയൊക്കെയോ ബസ് നിയന്ത്രണത്തിലാക്കി,” സുമേഷ് വിശദമാക്കി.
എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രക്കായി പോയ വിദ്യാര്‍ഥികളുടെ ബസാണ് കെഎസ്ആര്‍ടിസി ബസിന്റെ പുറകിലിടിച്ച് അപകടത്തില്‍പ്പെട്ടത്. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം അര്‍ധരാത്രിയാണ് സംഭവം. അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമടക്കം ഇതുവരെ ഒന്‍പത് പേരാണ് മരിച്ചത്. നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
എല്‍ന ജോസ്, ക്രിസ്വിന്റ്, ദിയ രാജേഷ്, അഞ്ജന അജിത്ത്, ഇമ്മാനുവല്‍ എന്നിവരാണ് മരണപ്പെട്ട വിദ്യാര്‍ഥികള്‍. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ്, കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ അനൂപ് ദീപു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അധ്യാപകനായ വിഷ്ണുവാണ് മറ്റൊരാള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പരിക്കേറ്റ 38 പേരില്‍ 28 പേരുടെ നില ഗുരുതരമല്ല, പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വിനോദയാത്ര സംഘം ഊട്ടിയിലേക്ക് തിരിച്ചത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകകര്‍ക്കും പുറമെ ബസിലെ രണ്ട് ജീവനക്കാരുമുണ്ടായിരുന്നു സംഘത്തില്‍. വിദ്യാര്‍ഥികളില്‍ 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലാണ് പഠിക്കുന്നത്. കെഎസ്ആര്‍ടിസി ബസില്‍ അന്‍പതിനടുത്ത് യാത്രക്കാരുണ്ടായിരുന്നതായാണ് നിഗമനം. മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്.