പാലക്കാട്: വടക്കഞ്ചേരിയില്‍ സ്കൂള്‍ വിനോദയാത്ര സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റിലിടിച്ച് അപകടം. ഇതുവരെ ഒന്‍പത് പേര് മരിച്ചതായാണ് വിവരം. നാല് പേരുടെ നില അതീവഗുരുതരമായി തുടരുന്നു, 38 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്കായാരുന്നു വിനോദയാത്ര. ബസില്‍ 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമുണ്ടായിരുന്നു. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം അര്‍ധരാത്രിയാണ് അപകടമുണ്ടായത്.
അപകടത്തില്‍ മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് ധനസഹായം. അപകടത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവും അനുശോചനം രേഖപ്പെടുത്തി.
മരണപ്പെട്ട ഒന്‍പത് പേരില്‍ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. റോഡ് സേഫ്റ്റി കമ്മിഷണര്‍ ശ്രീജിത്ത് ഐപിഎസിനെ അപകട സ്ഥലത്തേക്ക് അയച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. “ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ വേളാങ്കണ്ണി യാത്രയ്ക്ക് ശേഷം വിശ്രമമില്ലാതെയാണ് ബസോടിച്ചത്. മണിക്കൂറില്‍ 97 കിലോ മീററ്റര്‍ വേഗതയിലായിരുന്നു വാഹനം സഞ്ചരിച്ചിരുന്നത്. അമിതവേഗതയും അപകടത്തിന് കാരണമായിട്ടുണ്ട്,” മന്ത്രി വ്യക്തമാക്കി.
എല്‍ന ജോസ്, ക്രിസ്വിന്റ്, ദിയ രാജേഷ്, അഞ്ജന അജിത്ത്, ഇമ്മാനുവല്‍ എന്നിവരാണ് മരണപ്പെട്ട വിദ്യാര്‍ഥികള്‍. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ്, കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ അനൂപ് ദീപു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അധ്യാപകനായ വിഷ്ണുവാണ് മറ്റൊരാള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പരിക്കേറ്റ 38 പേരില്‍ 28 പേരുടെ നില ഗുരുതരമല്ല, പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വിനോദയാത്ര സംഘം ഊട്ടിയിലേക്ക് തിരിച്ചത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകകര്‍ക്കും പുറമെ ബസിലെ രണ്ട് ജീവനക്കാരുമുണ്ടായിരുന്നു സംഘത്തില്‍. വിദ്യാര്‍ഥികളില്‍ 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലാണ് പഠിക്കുന്നത്. കെഎസ്ആര്‍ടിസി ബസില്‍ അന്‍പതിനടുത്ത് യാത്രക്കാരുണ്ടായിരുന്നതായാണ് നിഗമനം. മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്.