scorecardresearch
Latest News

വടക്കഞ്ചേരി അപകടം: ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

ഇന്നലെ അര്‍ധരാത്രിയോടെ നടന്ന അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമടക്കം ഒന്‍പത് പേരാണ് മരിച്ചത്

Bus Accident, Death

പാലക്കാട്: സ്‌കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒളിവില്‍ പോയ ബസ് ഡ്രൈവര്‍ ജോമോന്‍ പിടിയില്‍. കൊല്ലം ചവറയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേയാണ് ഇയാളെ ചവറ പൊലീസ് പിടികൂടിയത്.
അപകടത്തിന് പിന്നാലെ ഇയാള്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അഭിഭാഷകനെ കാണാനായി കാറില്‍ പോകവെയാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. എറണാകുളം കോട്ടയം സ്വദേശികളാണ് ഇരുവരും

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനമാണെന്നാണ് വിവരം. മോട്ടോര്‍ വാഹന വകുപ്പിന്റെ (എംവിഡി) രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അസുര എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിനെതിരെ നിലവില്‍ അഞ്ച് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയം ആര്‍ടിഒയുടെ കീഴിലാണ് ബസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബസില്‍ വിവിധ നിറത്തിലുള്ള ലൈറ്റുകള്‍, എയര്‍ ഹോണ്‍ എന്നിവ സ്ഥാപിച്ചതുമായും നിയമ ലംഘനം നടത്തിയ വാഹനവുമായി നിരത്തിലറങ്ങിയതും ബന്ധപ്പെട്ടാണ് കേസുകള്‍ നിലവിലുള്ളത്. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടാലും സര്‍വീസ് നടത്തുന്നതിന് തടസമില്ലെന്ന് എംവിഡി പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രക്കായി പോയ വിദ്യാര്‍ഥികളുടെ ബസാണ് കെഎസ്ആര്‍ടിസി ബസിന്റെ പുറകിലിടിച്ച് അപകടത്തില്‍പ്പെട്ടത്. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം അര്‍ധരാത്രിയാണ് സംഭവം. അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമടക്കം ഇതുവരെ ഒന്‍പത് പേരാണ് മരിച്ചത്. നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

എല്‍ന ജോസ്, ക്രിസ്വിന്റ്, ദിയ രാജേഷ്, അഞ്ജന അജിത്ത്, ഇമ്മാനുവല്‍ എന്നിവരാണ് മരണപ്പെട്ട വിദ്യാര്‍ഥികള്‍. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ്, കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ അനൂപ് ദീപു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അധ്യാപകനായ വിഷ്ണുവാണ് മറ്റൊരാള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പരിക്കേറ്റ 38 പേരില്‍ 28 പേരുടെ നില ഗുരുതരമല്ല, പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വിനോദയാത്ര സംഘം ഊട്ടിയിലേക്ക് തിരിച്ചത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകകര്‍ക്കും പുറമെ ബസിലെ രണ്ട് ജീവനക്കാരുമുണ്ടായിരുന്നു സംഘത്തില്‍. വിദ്യാര്‍ഥികളില്‍ 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലാണ് പഠിക്കുന്നത്. കെഎസ്ആര്‍ടിസി ബസില്‍ അന്‍പതിനടുത്ത് യാത്രക്കാരുണ്ടായിരുന്നതായാണ് നിഗമനം. മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vadakkanchery bus accident asura bus booked in five cases included in black list

Best of Express