കോഴിക്കോട്: വടകര താലൂക്ക് ഓഫീസില്‍ തീയിട്ടത് ആന്ധ്ര പ്രദേശ് സ്വദേശി സതീഷ് നാരായണനാണെന്ന് റൂറല്‍ എസ് പി പി. എ. ശ്രീനിവാസ്. പ്രദേശത്ത് നേരത്തെ ഉണ്ടായ മൂന്ന് തീപിടുത്തത്തിന് പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് കേസുകളിലും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
“പിടികൂടിയിരിക്കുന്നയാളിന്റെ പേര് സതീഷ് നാരയണന് എന്നാണ്. വടകരയില്‍ നടന്ന മൂന്ന് തീപിടിത്തവുമായി ഇയാള്‍ക്ക് ബന്ധമുള്ളതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ പലപ്പോഴും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്, അതിനാല്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്,” എസ് പി ശ്രീനിവാസ് പറഞ്ഞു.
ഇന്നലെ രാവിലെ ആറ് മണിയോടെയാണ് താലൂക്ക് ഓഫീസില്‍ തീപിടിത്തം ഉണ്ടായത്. മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല. വടകര, പേരാമ്പ്ര, തലശേരി ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. താലൂക്ക് ഓഫീസിലുണ്ടായിരുന്ന 85 ശതമാനം ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ നിഗമനം.
2019 ന് മുന്‍പുള്ള ഫയലുകളാണ് കത്തി നശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തീപിടിത്തതില്‍ പുറത്തു നിന്നുള്ള ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ജീവനക്കാര്‍ ഉന്നയിച്ചിരുന്നു. താലൂക്ക് ഓഫീസിന്റെ അടുത്തുള്ള ട്രെഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നിരുന്നെങ്കിലും വലിയ തോതിലുള്ള നഷ്ടം സംഭവിച്ചില്ല.
Also Read: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍; വിദേശത്ത് നിന്നെത്തുന്നവരുടെ നിരീക്ഷണം കര്‍ശനമാക്കി