വടകര: പാര്‍ട്ടി അംഗത്തെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാബുരാജ്, ഡിവൈഎഫ്ഐ പതിരാരക്കര മേഖലാ സെക്രട്ടറിയായിരുന്ന ലിജീഷ് എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ ആറോടെ വടകരയ്ക്കു സമീപത്തെ കരിമ്പനപ്പാലത്തുനിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. തുടര്‍ന്ന് ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
പാർട്ടി അംഗമായ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ബാബുരാജും ലിജീഷും പലതവണയായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിന് കൊടുത്തിരിക്കുന്ന മൊഴി.
പരാതിക്കാരിയെ ഇന്നലെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. യുവതിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെയാണ് മൊഴി നൽകിയത്.
പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രതികൾക്കെതിരെ യുവതി നേരത്തെ പാർട്ടിയെ സമീപിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണമുയർന്നിരുന്നു. പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ ബാബുരാജിനെയും ലിജീഷിനെയും സിപിഎം കഴിഞ്ഞദിവസം പുറത്താക്കി.
Also Read: രാമനാട്ടുകര സ്വര്‍ണക്കടത്ത്: തെറ്റുകളെ സംരക്ഷിക്കുന്ന രീതി സിപിഎമ്മിനില്ല: എ വിജയരാഘവന്‍