തിരുവനന്തപുരം:വടക്കഞ്ചേരി അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി കെഎസ്ആര്‍ടിസി. 2014ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ആക്ട് പദ്ധതിപ്രകാരം യാത്രക്കാര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് അനുസരിച്ചാന് തുക കൈമാറുക.
അടിയന്തര സഹായമായി ഇതില്‍നിന്നും രണ്ട് ലക്ഷം രൂപ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിനു തിങ്കളാഴ്ച കൈമാറും. ബാക്കിയുള്ള എട്ടു ലക്ഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റു രണ്ടു പേരുടേയും മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക നല്‍കും.
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ നിന്നാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് നല്‍കുന്നത്. ഇതിനായി യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജിനൊപ്പം ഒരു രൂപ മുതല്‍ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി ഏതാണ്ട് രണ്ട് കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് കെ.എസ്.ആര്.ടി.സി മേല്‍ ഇന്‍ഷൂറന്‍സ് പദ്ധതി ബസ് ഇന്‍ഷൂറന്‍സിന് പുറമെ നടപ്പാക്കി വരുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് ഉപരിയായാണ് സെസ് ഇന്‍ഷൂറന്‍സ് നല്‍കുന്നത്.