മലപ്പുറം: രോഗ പ്രതിരോധ പദ്ധതികളോട് പലകാരണങ്ങളാൽ പിന്നാക്കമായി പോകുന്ന ജില്ലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ്ജിത വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നു. നേരത്തെ പല ഘട്ടങ്ങളിലായി നടപ്പിലാക്കിയ മിഷന്‍ ഇന്ദ്രധനുസ്സ് പദ്ധതിയാണ് കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുന്നത്.

യഥാസമയം രോഗ പ്രതിരോധ കുത്തിവയ്പ്പുകളും മരുന്നുകളും നല്‍കാത്ത ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ചുരുങ്ങിയത് മൊത്തം കുട്ടികളുടെ 90 ശതമാനത്തിനും വാക്‌സിനേഷന്‍ നല്‍കിയാലേ ഓരോ ജില്ലയേയും ഈ പദ്ധതിയില്‍ നിന്ന് ഒഴിവാക്കൂ. കേരളത്തിലെ 13 ജില്ലകളും നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അവസാനഘട്ട മിഷന്‍ ഇന്ദ്രധനുസ്സ് പദ്ധതിക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ല മലപ്പുറമാണ്. ജനുവരി ഏഴു മുതല്‍ ഈ പദ്ധതി പ്രകാരമുള്ള വാക്‌സിനേഷന്‍ ആരംഭിക്കും. ഓരോ മാസവും ഏഴു പ്രവര്‍ത്തിദിവസമാണ് ഇതിനായി നീക്കിവയ്ക്കുക. ഏപ്രിലോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ.സെക്കീന പറഞ്ഞു.

ജില്ലയുടെ വലിപ്പം, ജനസംഖ്യ, എല്ലായിടത്തും എത്തിച്ചേരാനുളള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ജീവനക്കാരുടെ കുറവ് എന്നിവയൊക്കെ ജില്ലയിലെ വാക്സിനേഷൻ, രോഗപ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.​ ഇവയ്ക്ക് പുറമെ വാക്സിനെ കുറിച്ച് പ്രചരിപ്പിക്കുന്ന അസത്യപ്രചാരണങ്ങളും അന്ധവിശ്വാസവും അശാസ്ത്രിയതയും കലർന്ന പ്രചാരണങ്ങളും ജില്ലയിലും ബാധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനുളള തീവ്രയത്നത്തിലാണ് ആരോഗ്യവകുപ്പ് ജീവനക്കാർ. ഇത്രയധികം പ്രതിസന്ധികളുണ്ടായിട്ടും മികച്ച നേട്ടം കൈവരിക്കാൻ ജില്ലയിൽ ഇത്തവണ സാധിച്ചിട്ടുണ്ട്. ഇത് ലക്ഷ്യത്തിലെത്തിക്കാനുളള​ ശ്രമമാണ് ​ഇനി നടത്തുക.

എംആര്‍ വാക്‌സിനേഷന്‍ പ്രചാരണവുമായി സ്‌കൂള്‍ സന്ദര്‍ശിക്കുന്ന ജില്ലാ കലക്ടര്‍ അമിത് മീണ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

നേരത്തെ ഒക്ടോബറില്‍ തുടങ്ങാനിരുന്ന പദ്ധതി മീസില്‍സ് റൂബെല്ല (എം ആര്‍) വാക്‌സിനേഷന്‍ പദ്ധതി നടന്നു വരുന്നതിനാല്‍ മാറ്റി വയ്ക്കുകയായിരുന്നു. നിലവില്‍ ഈ മിഷന്‍ ഇന്ദ്രധനുസ് പദ്ധതി പ്രകാരം 84 ശതമാനം വാക്‌സിനേഷന്‍ നേട്ടം കൈവരിക്കാനെ സാധിച്ചിട്ടുള്ളൂ. ഇത്തവണ 90 ശതമാനം കടക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്.

മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ്പു പദ്ധതിക്കു വേണ്ടി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ വ്യാപക ബോധവല്‍ക്കരണ പരിപാടികളും ക്ലാസുകളും മിഷന്‍ ഇന്ദ്രധനുസിനെ വിയത്തിലെത്തിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ‘മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ പദ്ധതിക്കു ലഭിച്ച മികച്ച പ്രതികരണം മറ്റു രോഗപ്രതിരോധ കുത്തിവയ്പ്പുകളേയും സഹായിക്കും. എംആര്‍ ബോധവല്‍ക്കരണ പരിപാടികളില്‍ മറ്റു കുത്തിവയ്പ്പുകളുടെ പ്രാധാന്യവും പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഫലങ്ങല്‍ പ്രകടവുമാണ്,’ ഡോ.സക്കീന പറയുന്നു.

എംആര്‍ വാക്‌സിനേഷന്‍ എടുക്കാന്‍ വന്ന പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് മറ്റു വാക്‌സിനുകളും നല്‍കണമെന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്. ‘ഭൂരിപക്ഷം പേരും വ്യാജ പ്രചാരണങ്ങളില്‍പ്പെട്ടു പോയതാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് നടത്തിയ ബോധവല്‍ക്കരണത്തിന്റെ ഫലമായി ഇപ്പോള്‍ വിട്ടു പോയ മറ്റു വാക്‌സിനുകള്‍ കൂടി നിരവധി പേര്‍ എടുത്തിട്ടുണ്ട്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജില്ലയില്‍ നല്ല മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക പറയുന്നു.

മലപ്പുറം വാക്‌സിനൊപ്പം എന്ന പ്രത്യേക പ്രചാരണ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സെക്കീന, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍

ജില്ലയില്‍ ഒരു വയസ്സുവരെയുള്ള കുട്ടികളില്‍ 92 ശതമാനവും പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തവരാണ്. ഇതിനു മുകളിലെ പ്രായ ഗണത്തിലാണ് കുറവ്. രണ്ടു വയസ്സുവരെ പ്രായമുള്ളവരില്‍ 84 ശതമാനം മാത്രമേ കുത്തിവയ്‌പ്പെടുത്തിട്ടുള്ളൂ. മിഷന്‍ ഇന്ദ്രധനുസിനു കീഴില്‍ അഞ്ചു വയസ്സുവരെയുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടില്ലാത്ത കുട്ടികളേയും പരിഗണിക്കുന്നുണ്ട്.

എംആര്‍ വാക്സിനേഷന്‍ പദ്ധതി പ്രകാരം ഇതുവരെ ജില്ലയ്ക്ക് 71.93 ശതമാനം മാത്രമേ കൈവരിക്കാനായിട്ടുള്ളൂ. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന പഞ്ചായത്തുകളെ അനുമോദിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളില്‍ ചുങ്കത്തറ ബ്ലോക്കാണ് മികച്ച മുന്നേറ്റമുണ്ടാക്കിയത്. ഇവിടെ 91 ശതമാനം കുട്ടികള്‍ക്കും എംആര്‍ വാക്‌സിന്‍ നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.