തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ കുട്ടികൾക്ക് ഇന്നുമുതൽ വാക്സിൻ നൽകും. 15 മുതൽ 17 വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. വാക്സിനേഷന് അർഹരായ മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇതിനായി സ്‌കൂളുകളിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
സംസ്ഥാനത്തെ 967 സ്‌കൂളുകളിലാണ് വാക്സിനേഷൻ നടക്കുക. വാക്സിൻ സ്വീകരിക്കാൻ അർഹതയുള്ള 500 കുട്ടികളുള്ള സ്‌കൂളുകളാണ് വാക്സിനേഷൻ കേന്ദ്രങ്ങളായി പരിഗണിച്ചിരിക്കുന്നത്. വാക്സിനേഷന് അർഹരായ 51 ശതമാനം കുട്ടികളും നിലവിൽ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികൾക്കാണ് സ്‌കൂളുകളിൽ വാക്സിനേഷൻ.
ഒരു ദിവസം വാക്‌സിനേഷന്‍ എടുക്കേണ്ട വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് സ്‌കൂള്‍ അധികൃതരാണ് തയ്യാറാക്കുക. വാക്‌സിനേഷന് മുമ്പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളും കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫീസര്‍, വാക്‌സിനേറ്റര്‍, സ്റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന വാക്‌സിനേഷന്‍ ടീമാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉണ്ടാവുക. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഓരോ സൈറ്റിലെയും വാക്‌സിനേറ്റര്‍മാരുടെ എണ്ണം തീരുമാനിക്കും.
സാധാരണ വാക്സിനേഷൻ കേന്ദ്രങ്ങളിലെ പോലെ സ്‌കൂളുകളിലും വെയ്റ്റിങ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ ഉണ്ടായിരിക്കും. താപനില പരിശോധിച്ച ശേഷമായിരിക്കും വിദ്യാർത്ഥികളെ വാക്സിനേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക. ആധാറോ സ്‌കൂൾ ഐഡി കാർഡോ കയ്യിൽ കരുതണം. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറുടെ സേവനമുണ്ടാകും. ആംബുലൻസ് സൗകര്യവും ഉണ്ടായിരിക്കും.
രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെയാണ് സ്‌കൂളുകളിലെ വാക്സിനേഷൻ സമയം. സ്‌കൂളുകളുടെ സൗകര്യം കൂടി കണക്കിലെടുത്ത് വാക്സിനേഷൻ സമയത്തിൽ മാറ്റം വരുത്തിയേക്കും.
Also Read: കോവിഡ് വ്യാപനം: സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും; അന്തിമ തീരുമാനം വ്യാഴാഴ്ച