പാലക്കാട്: തലശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പങ്കെടുത്ത ചടങ്ങിലെ വേദിക്കുസമീപം ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആരോപണവുമായി വി.ടി.ബൽറാം എംഎൽഎ. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ബൽറാം ഇക്കാര്യം പറയുന്നത്.

“കോടിയേരി ബാലകൃഷ്‌ണനെ പാർട്ടി ശക്തകേന്ദ്രമായ തലശേരിയിൽ വെച്ച്‌ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചെന്ന കേസിലെ‌ ബിജെപി പ്രവർത്തകരായ 6 പ്രതികളെ സംഭവം കഴിഞ്ഞ്‌ രണ്ട്‌ മാസമായിട്ടും ഇതുവരെ സംസ്ഥാന പോലീസിന്‌ അറസ്റ്റ്‌ ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല”യെന്നാണ് ഫെയ്സ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നത്. കേരളത്തിലെ പൊലീസിനെ ആരാണ്‌ നിയന്ത്രിക്കുന്നത്‌, പിണറായി വിജയനോ കുമ്മനം രാജശേഖരനോയെന്നും അദ്ദേഹം ചോദിക്കുന്നു.

നിയമസഭയിൽ തലശേരിയിലെ ബോംബാക്രമണം സംബന്ധിച്ച് ചോദിച്ച ചോദ്യവും അതിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയും അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിയമസഭയിൽ തലശേരി ബോംബാക്രമണവുമായി ബന്ധപ്പെട്ട് വി.ടി.ബൽറാം മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യം; ബൽറാം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്

തലശേരിയിൽ 2017 ജനുവരി 26 ന് രാത്രിയിൽ കോടിയേരി പ്രസംഗിക്കുന്ന വേദിക്കരികിൽ ബോംബാക്രമണം നടത്തിയ കേസിൽ എത്ര പേരെയാണ് അറസ്റ്റ് ചെയ്തതെന്നും പ്രതി പട്ടികയിലുളളവരുടെ രാഷ്‌ട്രീയ ബന്ധവുമാണ് ബൽറാം ചോദിച്ചിരിക്കുന്നത്. ന്യൂമാഹി പൊലീസ് സംഭവത്തിൽ കേസ് എടുത്തിരുന്നുവെന്നും ബിജെപി പ്രവർത്തകരായ ആറുപേരാണ് പ്രതികളെന്നും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ബൽറാമിന് കൊടുത്ത മറുപടിയിൽ വ്യക്തമാക്കുന്നു.

2017 ജനുവരി 26ന് രാത്രിയിലാണ് തലശേരിയിൽ കോടിയേരി ബാലകൃഷ്‌ണൻ പ്രസംഗിച്ചു കൊണ്ടിരിക്കെ ബോംബേറ് ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ