തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ വായ മൂടിക്കെട്ടി, കാസർഗോഡ് കേന്ദ്ര സര്‍വ്വകലാശാലയെ സംഘപരിവാറിന്‍റെ പരിശീലനക്കളരിയാക്കി മാറ്റിയെടുക്കാനുള്ള അധികൃതരുടെ നീക്കം അത്യന്തം ആപല്‍ക്കരമാണെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

സംഘപരിവാര്‍ അജണ്ടകളോട് സമരസപ്പെടാന്‍ കൂട്ടാക്കാതിരുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയും പുറത്താക്കിയും പക തീര്‍ക്കുന്ന സര്‍വ്വകലാശാലാ മേലാളന്‍മാരുടെ നിലപാടുകളോട് പ്രതികരിച്ചതാണ്, അഖില്‍ എന്ന വിദ്യാര്‍ത്ഥി ചെയ്ത കുറ്റം.

അഖിലിനെതിരെയും കള്ളക്കേസുകള്‍ ചുമത്തുകയും കോളേജില്‍നിന്ന് പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും, സര്‍വ്വകലാശാല അടച്ചിട്ട് പാഠം പഠിപ്പിക്കാനുമാണ് അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്.

അതോടൊപ്പം, സര്‍വ്വകലാശാലയില്‍ നടന്ന വഴിവിട്ട നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും ആവശ്യമാണെന്നും വിഎസ് പറഞ്ഞു.

സർവകലാശാലയിലെ അധികൃതരുടെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ച അധ്യാപകരെയും വിദ്യാർത്ഥികളുയും നടപടികളെടുത്ത് പകപോക്കുകയാണ് കേന്ദ്രസർവകലാശാല എന്ന ആരോപണം കഴിഞ്ഞ കുറച്ച് കാലമായി വ്യാപകമാണ്. പ്രസാദ് പന്ന്യൻ, ഗിൽബർട്ട് സെബാസ്റ്റ്യൻ എന്നീ അധ്യാപകർക്കെതിരെ പകപോക്കൽ നടപടി ഏറെ വിവാദമായിരുന്നു.​

വിദ്യാർത്ഥികൾക്കെതിരെയുളള നടപടികളും വിവാദമായിരുന്നു.​ നിസ്സാരമായ കേസിന്റെ പേരിലാണ് വിദ്യാർത്ഥികളെ പ്രത്യേകിച്ച് ദലിത് വിദ്യാർത്ഥികളെ സർവകലാശാല അധികൃതർ പീഡിപ്പിക്കുന്നതെന്ന് ആരോപണം ശക്തമായിരുന്നു. വിദ്യാർത്ഥികളുടെ ഭാവി ജീവിതം തന്നെ നശിപ്പിക്കുന്ന രീതിയിൽ പൊലീസ് കേസും മറ്റുമായി പകപോക്കുന്ന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.