ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രി മലര്‍ന്നുകിടന്ന് തുപ്പരുതെന്നും ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്നും മുരളീധരൻ പറഞ്ഞു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന പല തീരുമാനങ്ങളും മുരളീധരന്‍ അറിയുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

സര്‍ക്കാര്‍ പ്രവാസികളോട് ഉത്തരവാദിത്തം കാണിക്കണമെന്നും അവരെ പെരുവഴിയിലാക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കാന്‍ തങ്ങള്‍ തയാറാണെന്നും എന്നാല്‍ മടങ്ങിയെത്തുന്നവര്‍ പെരുവഴിയിലാകുന്ന സ്ഥിതിയുണ്ടാകരുതെന്നും മുരളീധരൻ പറഞ്ഞു.

Read More: കോവിഡ് ബാധിതനു ആയിരത്തിലേറെ പേരുമായി സമ്പർക്കം; ഇടുക്കിയിൽ ആശങ്ക

സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് വ്യക്തമാണ്. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്താന്‍ തയ്യാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

കേന്ദ്രത്തില്‍ ഓരോ വകുപ്പിലേയും തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാര്‍ തന്നെയാണ് എടുക്കുന്നത്. എന്തറിയുന്നു, എന്തറിയുന്നില്ല എന്നതു സംബന്ധിച്ച് മുഖ്യമന്ത്രി കരുതുംപോലെയല്ല കാര്യങ്ങള്‍. കേരളസര്‍ക്കാരിന്റെ ശൈലിയല്ല കേന്ദ്രത്തിന്റേതെന്ന് പിണറായി മനസിലാക്കണമെന്നും മരളീധരൻ പറഞ്ഞു.

“മുഖ്യമന്ത്രി സ്വയം കണ്ണടച്ച് ഇരുട്ടാക്കിയാല്‍ എല്ലാവര്‍ക്കും അത് അങ്ങനെയായിരിക്കില്ല. 1,35,000 മുറികള്‍ തയ്യാറാക്കി. അതിനേക്കാള്‍ കൂടുതല്‍ വേണമെങ്കില്‍ സജ്ജമാക്കാന്‍ തയ്യാറാണ് എന്നാണ് കേരളം അറിയിച്ചത്. അങ്ങനെയാണെങ്കില്‍ കേന്ദ്രം 14 ദിവസം ക്വാറന്റൈന്‍ ചെയ്യണമെന്നു പറഞ്ഞത് എന്തിനാണ് വെട്ടിക്കുറച്ച് ഏഴു ദിവസമാക്കിയത്,” എന്നും മുരളീധരന്‍ ചോദിച്ചു.

“പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതുന്ന ശീലമുള്ള ആളാണ് മുഖ്യമന്ത്രി. ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ ആ ചര്‍ച്ചകള്‍ അറിയുന്ന ആളാണ് ഞാന്‍. പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതിന് പകരം ഉദ്യോഗസ്ഥരുടെ ചര്‍ച്ചകളെ കുറിച്ചുകൂടി മുഖ്യമന്ത്രി അന്വേഷിച്ചറിയണം. അതറിഞ്ഞാല്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകില്ല,” വി.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.