/indian-express-malayalam/media/media_files/uploads/2020/07/v-muraleedharan.jpg)
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സർക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നതല്ല മുഖ്യമന്ത്രി വിളിച്ചു പറയേണ്ടത്. സർക്കാരും സംസ്ഥാന ഏജൻസികളും എന്തു ചെയ്യുന്നുവെന്ന് ജനം ചോദിക്കുന്നു. കേസിലുൾപ്പെട്ടവരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉപദേശകൻ സ്വർണക്കടത്തിൽ പങ്കാളിയായോ എന്ന് അന്വേഷിക്കണം. ശിവശങ്കറിന്റെ ഇടപാടുകൾ മുഖ്യമന്ത്രി അറിഞ്ഞില്ലേ? അറിഞ്ഞില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണ്. ശിവശങ്കറിന്റെ അവധിയെടുക്കൽ ശിക്ഷാ നടപടിയല്ല. കരാർ ജീവനക്കാരി എങ്ങനെ പൊതുപരിപാടികളുടെ സംഘാടകയായെന്നും മുരളീധരൻ ചോദിച്ചു. കളളക്കടത്തുകാരിക്ക് നയതന്ത്ര പ്രതിനിധിയുടെ മേലങ്കി ചാർത്തിയ ആളാണ് സ്പീക്കറെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ പഴുതടച്ച അന്വേഷണം നടത്തുമെന്നും മുരളീധരൻ വ്യക്തമാക്കി. ഏത് ഏജൻസി അന്വേഷിക്കണമെന്ന് സാഹചര്യം അനുസരിച്ച് തീരുമാനിക്കും. കുറ്റം ചെയ്തവരെയെല്ലാം നിയമത്തിന്റെ മുന്നിലെത്തിക്കും. കുറ്റവാളികളെ സഹായിക്കുന്നവരെയും നിയമത്തിന് മുന്നിലെത്തിക്കും. കേസില്ലാതാക്കാനുളള ശ്രമങ്ങളും ചിലരുടെ ബന്ധങ്ങളും പുറത്തു കൊണ്ടുവരും. സോളർ കേസുമായി സ്വർണക്കടത്ത് കേസുമായി സാമ്യമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.