തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരനും ജെഡിയു സംസ്ഥാന അദ്ധ്യക്ഷൻ വീരേന്ദ്രകുമാറും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വീരേന്ദ്രകുമാർ കേരള നിയമസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നാണ് നാമനിർദ്ദേശ പത്രിക നൽകുന്നത്.

നേരത്തേ യുഡിഎഫ് പ്രതിനിധിയായി രാജ്യസഭാംഗമായ വീരേന്ദ്രകുമാർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് കേരളത്തിൽ സീറ്റ് ഒഴിവു വന്നത്. പിന്നീട് യുഡിഎഫ് വിട്ട ഇദ്ദേഹത്തെ ഇടതുമുന്നണി രാജ്യസഭ സീറ്റ് നൽകി സ്വീകരിക്കുകയായിരുന്നു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമാഗതമായ സാഹചര്യത്തിൽ വി മുരളീധരന്റെ രാജ്യസഭ പ്രവേശനം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതോടെ നാലാമത്തെ മലയാളിയാണ് ബിജെപിയുടെ രാജ്യസഭാംഗമാകുന്നത്. നേരത്തെ അൽഫോൺസ് കണ്ണന്താനവും സുരേഷ് ഗോപിയും രാജ്യസഭയിലെത്തിയിരുന്നു. നിലവിൽ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ കർണ്ണാടകയിൽ നിന്ന് വീണ്ടും മത്സരിക്കുന്നുണ്ട്.

വി മുരളീധരന് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് കരുതപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം മുന്നിൽക്കാണുന്നുണ്ട് ബിജെപി. നേരത്തെ ബിഡിജെഎസിന് രാജ്യസഭ സീറ്റ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് തളളിയാണ് മുതിർന്ന നേതാവായ വി മുരളീധരനെ ബിജെപി രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ