തിരുവനന്തപുരം: മെഡിക്കൽ ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസിന് പിന്നാലെ ബിജെപിയിലും പൊട്ടിത്തെറി. വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തി നൽകണമെന്ന കുമ്മനം രാജശേഖരന്റെ കത്തിനെ വിമർശിച്ചാണ് രാജ്യസഭാംഗമായ ബിജെപി നേതാവ് വി.മുരളീധരൻ രംഗത്ത് വന്നത്.

കണ്ണൂർ മെഡിക്കൽ കോളേജ്, കരുണ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്താനുളള ബില്ലിൽ ഇന്നലെ പ്രതിപക്ഷവും ഭരണപക്ഷവും ഒപ്പുവച്ചിരുന്നു. ബിജെപിയുടെ ഏക അംഗം ഒ.രാജഗോപാൽ അടക്കം ഒപ്പുവച്ചപ്പോൾ വി.ടി.ബെൽറാം എംഎൽഎ മാത്രമാണ് ഒപ്പുവയ്ക്കാതിരുന്നത്.

സുപ്രീം കോടതി ഓർഡിനൻസ് സ്റ്റേ ചെയ്യുകയും ഭരണ-പ്രതിപക്ഷ ഐക്യ ബില്ലിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപിയിലും പൊട്ടിത്തെറിയുണ്ടായത്. പ്രതിപക്ഷത്തെ വിമർശിച്ച് ആദ്യം രംഗത്ത് വന്നത് കോൺഗ്രസ് നേതാവായ സുധീരനായിരുന്നെങ്കിൽ ബിജെപി നേതൃത്വത്തെ വിമർശിച്ച് രംഗത്ത് വന്നത് മുതിർന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ വി.മുരളീധരനാണ്.

“വിദ്യാർത്ഥികളുടെ ഭാവി കരുതി അഴിമതിക്ക് കുടപിടിക്കുന്നത് ബിജെപി നിലപാടല്ല. എല്ലാവരും പിന്തുണച്ചത് കൊണ്ടാകാം ഒ.രാജഗോപാലും ബില്ലിനെ പിന്തുണച്ചത്. കേന്ദ്രസർക്കാരിനെതിരാണ് ഈ വിഷയയത്തിൽ കുമ്മനത്തിന്റെ നിലപാട്,” വി.മുരളീധരൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.