ന്യൂഡല്‍ഹി: ബിജെപി നേതാവ് വി.മുരളീധരന്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മഹാരാഷ്ട്രയില്‍ നിന്ന് മൽസരിക്കുന്ന മുരളീധരനെതിരെയുളള നാല് സ്ഥാനാര്‍ത്ഥികളിൽ ഒരാള്‍ പിന്‍മാറിയതോടെയാണ് മുരളീധരന്‍ രാജ്യസഭയിലേക്ക് എത്തുമെന്ന് ഉറപ്പായത്.

കേരളത്തില്‍ നിന്ന് രണ്ട് എംപി സ്ഥാനവും ഒരു കേന്ദ്രമന്ത്രി പദവിയും നേരത്തെ നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ പരിഗണിച്ചിരുന്നില്ല. ഇതില്‍ സംസ്ഥാന നേതൃത്വത്തിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ബിഡിജെഎസിന് എംപി സ്ഥാനം ഉള്‍പ്പെടെ പ്രധാന പദവികള്‍ നല്‍കുമെന്ന് അമിത് ഷാ വാഗ്‌ദാനം ചെയ്ത് രണ്ട് ദിവസത്തിനകമാണ് മുരളീധരന് നറുക്ക് വീണത്. ബിജെപി സംസ്ഥാന നേതൃത്വത്തിന് കിട്ടിയ അംഗീകാരമാണിതെന്ന് മുരളീധരന്‍ വ്യക്തമാക്കി.

2010-15 കാലയളവില്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു മുരളീധരന്‍. തലശേരി ബ്രണ്ണന്‍ കോളജിലെ പഠന കാലയളവില്‍ എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ നേതാവാണ് മുരളീധരന്‍. 1996ല്‍ എബിവിപിയുടെ അഖിലേന്ത്യാ സെക്രട്ടറിയായ മുരളീധരന്‍ പിന്നീട് ബിജെപിയുടെ നേതൃനിരയിലേക്ക് എത്തുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ