Latest News

നിയമം അനുസരിക്കാൻ പറ്റില്ലെങ്കിൽ പിണറായി ഭരണമൊഴിഞ്ഞ് പുറത്ത് പോകട്ടെ: വി.മുരളീധരൻ

നിയമം നടപ്പാക്കില്ലെന്ന പിണറായിയുടെ പ്രസ്താവന ഗാലറിയുടെ കൈയടിക്കു വേണ്ടിയുള്ളതാണെന്ന് മുരളീധരൻ പരിഹസിച്ചു

V Muraleedharan, വി മുരളീധരന്‍, BJP, ബിജെപി, Narendra Modi, നരേന്ദ്രമോദി, kerala, കേരളം, ie malayalam

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി.മുരളീധരൻ. പാർലമെന്റ് പാസാക്കിയ നിയമം അനുസരിക്കാൻ പറ്റില്ലെങ്കിൽ ഭരണമൊഴിഞ്ഞ് പുറത്തുപോകുന്നതല്ലേ നല്ലതെന്ന് വി.മുരളീധരൻ ഫെയ്സ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. നേരത്തേ പിണറായിയെ വിമർശിച്ച് കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

നിയമം നടപ്പാക്കില്ലെന്ന പിണറായിയുടെ പ്രസ്താവന ഗാലറിയുടെ കൈയടിക്കു വേണ്ടിയുള്ളതാണെന്ന് മുരളീധരൻ പരിഹസിച്ചു. “ആരെ കബളിപ്പിക്കാനാണ് പിണറായി ഈ മണ്ടത്തരങ്ങൾ വലിയ കേമമായി അവതരിപ്പിക്കുന്നത്? എൻഡിഎ സർക്കാർ ഭരിക്കുമ്പോൾ, പാർലമെന്റ് പാസാക്കുന്ന നിയമം സംഘപരിവാർ അജണ്ട, സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത്, ശബരിമലയിൽ ഇരുട്ടിന്റെ മറപറ്റി സ്ത്രീകളെ കയറ്റിയതടക്കം അവർ ചെയ്യുന്നതെല്ലാം ജനാധിപത്യപരം,” മുരളീധരൻ കുറിച്ചു.

“മൂത്ത മോദി വിരോധി മമതാ ദീദിയുടെ ബംഗാളിൽ നടപ്പാവും പിന്നെയല്ലേ കേരളത്തിൽ” എന്നായിരുന്നു കെ.സുരേന്ദ്രന്റെ വെല്ലുവിളി. “ചുളുവിൽ നാലു വോട്ട് കിട്ടുമെന്ന് കരുതി ബഡായി പറയുകയാണ് പിണറായി. കോഴി കൂവിയാലേ നേരം വെളുക്കുകയുള്ളൂവെന്നു കരുതുന്ന പിണറായി വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. ഇത്രയധികം ഉപദേശികളുണ്ടായിട്ടും പിണറായിക്ക് സൽബുദ്ധി ലഭിക്കാതെ പോകുന്നതെന്തുകൊണ്ടാണാവോ?,” എന്നും സുരേന്ദ്രൻ പരിഹസിച്ചിരുന്നു.

Read More: മമതയുടെ ബംഗാളിൽ നടപ്പാവും, പിന്നെയല്ലേ കേരളത്തിൽ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ

ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റേത് കരിനിയമമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും ഇന്ത്യൻ പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതു ഭരണഘടനാ ദത്തമാണ്. ഭരണഘടനാ അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയെന്നതാണ് രാജ്യത്തിന്റെ നയം. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയവും ഇതാണ്.

സവര്‍ക്കര്‍ തുടങ്ങിവച്ച് ഗോള്‍വാള്‍ക്കറിന്‍റെ വിചാരധാരയിലൂടെ വളര്‍ത്തിയെടുത്ത ഹിന്ദുരാഷ്ട്രം എന്ന അജൻഡ പ്രാവര്‍ത്തികമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. മതാടിസ്ഥാനത്തിലുള്ള രാജ്യമായി വിഭജിക്കുകയെന്ന ആർഎസ്എസ് നേതാക്കളുടെ മോഹമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: V muraleedharan criticizes pinarayi vijayan

The moderation of comments is automated and not cleared manually by malayalam.indianexpress.com