ന്യൂഡൽഹി: ലോക കേരള സഭ ഭൂലോക തട്ടിപ്പെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ഇത്തരമൊരു തട്ടിപ്പിന് കൂട്ടുനിൽക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ടും പരിപാടിക്കായി വൻ ധൂർത്താണ് സർക്കാർ നടത്തുന്നതുകൊണ്ടുമാണ് പങ്കെടുക്കാത്തതെന്ന് മുരളീധരൻ പറഞ്ഞു. ലോക കേരളസഭയുടെ ഇന്നത്തെ പ്രതിനിധിസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടതായിരുന്നു വി.മുരളീധരന്.
പരിപാടി സംബന്ധിച്ച് കേന്ദ്രവുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. പരിപാടിക്ക് ക്ഷണിച്ചുകൊണ്ടുളള ഒരു കത്ത് മാത്രമാണ് തനിക്ക് കിട്ടിയത്. ലോക കേരള സഭ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചു. പാർട്ടിക്ക് പണം നൽകുന്നവരെ വിളിച്ച് വിരുന്നു കൊടുക്കുന്ന പരിപാടിയായി മാറി. സഭയിൽ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പോലുമറിയില്ല.
Read Also: രാഹുലിന്റെ കത്ത് പഴയത്, രാഷ്ട്രീയ വിവാദമാക്കുന്നത് ശരിയല്ല: കെ.സി.വേണുഗോപാൽ
പ്രവാസികൾക്കുവേണ്ടിയുളളതാണ് പരിപാടിയെന്നാണ് സർക്കാർ പറയുന്നത്. പ്രവാസികൾക്കുവേണ്ടി സംസ്ഥാന സർക്കാർ ആദ്യം ചെയ്യേണ്ടത് കേരളത്തിൽനിന്നുളള അനധികൃത റിക്രൂട്ട്മെന്റും അതിനു ഇരയാകുന്നവരെ രക്ഷപ്പെടുത്താനുളള നടപടികളുമാണ്.
അനധികൃത റിക്രൂട്ടിങ് ഏജൻസികളെ തടയാനും അവർക്കെതിരെ നടപടി സ്വീകരിക്കാനും കേന്ദ്രസർക്കാരിന് പരിമിതികളുണ്ട്. അതിനു നടപടി എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അതാണ് സർക്കാർ പ്രവാസികൾക്കായി ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
ലോക കേരള സഭ പരിപാടികൾ യുഡിഎഫും ബഹിഷ്കരിച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ ആരും പങ്കെടുത്തില്ല. ഇന്നും നാളെയുമായുളള സമ്മേളനങ്ങളിലും യുഡിഎഫ് അംഗങ്ങൾ പങ്കെടുക്കില്ല.